കൊല്ലം: എഴുത്തിനെ വാണിജ്യവൽക്കരിക്കാൻ ശ്രമം നടക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യുവകലാസാഹിതി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ.ജി. നാരായണപിള്ള, പി.ആർ. കർമ്മചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ എഴുത്തുകാർ എഴുതുന്നതെല്ലാം ചില വൻകിട പ്രസാധകർ മുൻകൂട്ടി ബുക്ക് ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്ന് പറയാനും മടിക്കുന്നു. എഴുത്തുകാരുടെ കൂടി സാമൂഹ്യ ഇടപെടലുകളുടെ സൃഷ്ടിയാണ് സമൂഹത്തിൽ ഇന്നുണ്ടായിട്ടുള്ള മാറ്റങ്ങൾ. ഭരണഘടനയുടെ 370ാം അനുച്ഛേദം ഇന്നലെ രാവിലെയോടെ വെറും പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇത്തര അമിതാധികാര പ്രവണതകൾക്കെതിരെ എഴുത്തുകാർ ശക്തമായി രംഗത്തെത്തണമെന്നും കാനം പറഞ്ഞു.
മണലിൽ ജി. നാരായണപിള്ള പുരസ്കാരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശനും പി.ആർ. കർമ്മചന്ദ്രൻ പുരസ്കാരം എഴുത്തുകാരൻ മതിര ബാലചന്ദ്രനും ഏറ്റുവാങ്ങി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. എസ്.അജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ചവറ കെ.എസ്.പിള്ള, ശാരദാമോഹൻ, ബാബുപാക്കനാർ, അനുപ് കടമ്പാട്ട്, പി. ഉഷാകുമാരി, ശാസ്താംകോട്ട ഭാസ്, എ. ബിജു, ടി.ആർ. ഷിബു, എം. വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അവാർഡ് ദാനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങ് ഡോ. മായാ ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്തു.