പത്തനാപുരം: എലിക്കാട്ടൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്ന പച്ചവിദ്യാലയം ശില്പശാല വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പച്ചവിദ്യാലയം പദ്ധതി നടപ്പാക്കുന്നത്. പതിവുരീതിയിൽ നിന്ന് വ്യത്യസ്തമായി കുട്ടികളോട് സംവദിച്ചും കഥകളിലൂടെയും കവിതകളിലൂടെയും അവതരിപ്പിച്ച ശില്പശാല കുട്ടികൾക്കും ഏറെ ഇഷ്ടമായി. പഞ്ചായത്തംഗം അനിൽ കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഹരിതവിദ്യാലയം ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ സുജൻ, സുജാത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രഥമാദ്ധ്യാപകൻ ബി. ജനാർദനൻ, സുനറ്റ് കെ .വൈ,സരിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.