photo
ചിരട്ടക്കോണത്ത് മൊബൈൽ കടയിൽ മോഷ്ടാക്കൾ കടക്കാനായി വാതിൽനിരയുടെ ഒരു ഭാഗം അറുത്ത് മാറ്റിയ നിലയിൽ

കൊട്ടാരക്കര: ചിരട്ടക്കോണത്ത് മൊബൈൽ കടയിൽ മോഷണം. നാലുകടകളിലും കുരിശടിയിലും മോഷണശ്രമം. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ചിരട്ടക്കോണം ജംഗ്ഷനിലെ മൊബൈൽ കടയുടെ വാതിൽ അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

ഇവിടെ നിന്ന് മൊബൈൽ ഫോണുകളും പെൻ ഡ്രൈവുകളും മോഷ്ടിച്ചു. സമീപത്ത് തന്നെയുള്ള മറ്റു നാലുകടകളിൽ മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തൊട്ടടുത്തുള്ള കുരിശടിയിലെ വഞ്ചിപ്പെട്ടി തുറക്കാനും ശ്രമം നടന്നു. ഒരു പൂട്ടു തകർത്തെങ്കിലും രണ്ടാമത്തെ പൂട്ടു തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. ചിരട്ടക്കോണത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും സി.സി.ടി.വി കാമറയില്ലാത്തതും മോഷ്ടാക്കൾക്ക് അനുഗ്രഹമാണെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പും റബ്ബർ കടയുടെ വാതിൽ കത്തിച്ച് ഇവിടെ കവർച്ച നടത്തിയിരുന്നു.