കൊട്ടാരക്കര: വല്ലംകുളം ജംഗ്ഷനിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറ്റിൽ സാമൂഹ്യവിരുദ്ധർ ഇഷ്ടികയും മരക്കഷണങ്ങളും കല്ലും കൊണ്ടിട്ട് ഉപയോഗശൂന്യമാക്കി. ചുറ്റുമതിലും തകർത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വല്ലം ഇല്ലിക്കുളത്ത് വീട്ടിൽ ശശിധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവിനായക സ്റ്റോഴ്സിന്റെ ചുറ്റുമതിൽ തകർത്താണ് പുരയിടത്തിലെ കിണർ നശിപ്പിച്ചത്. ഇരുമ്പ് വലകൊണ്ട് സംരക്ഷിച്ചിരുന്നതാണ് കിണർ. ഇത് ഇളക്കി സമീപത്തെ കുളത്തിലെറിഞ്ഞു. കിണറിനുള്ളിൽ കല്ലുകളും ഇഷ്ടികകളും മരക്കഷണങ്ങളും നിറയ്ക്കുകയും ചുറ്റുമതിലിന്റെ ശേഷിച്ച ഇഷ്ടിക കുളത്തിലേക്ക് തള്ളുകയും ചെയ്തു. രാത്രി നടത്തിയ അതിക്രമങ്ങൾ ഇന്നലെ രാവിലെയാണ് ശശിധരൻ പിള്ള കണ്ടത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.