കൊട്ടിയം: വാഹന പരിശോധനയ്‌ക്കിടെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി അതിക്രമം കാട്ടി മോചിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മയ്യനാട് കുറ്റിക്കാട് സ്വദേശി സച്ചിൻ ദാസ് (21), ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മുക്കം സ്വദേശി സജീർ (32), എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം മയ്യനാട് കുറ്റിക്കാട് സ്വദേശി സുർജിത്ത് (21) എന്നിവരാണ് പിടിയിലായത്.
യുവാവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ ഇനിയും ഏഴ് പേർ പിടിയിലാകാനുണ്ട്.കഴിഞ്ഞ മാസം 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇരവിപുരം സ്റ്റേഷൻ പരിധിയിൽ ഇരുചക്രവാഹന മോഷണം വ്യാപകമായതിനെ തുടർന്ന് പൊലീസ് വാഹനപരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മയ്യനാട് റെയിൽവേ ഗേറ്റിന് സമീപത്ത് പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഈ സമയം മതിയായ രേഖകളും ലൈസൻസുമില്ലാതെ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുറ്റിക്കാട് സ്വദേശിയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സച്ചിൻദാസിന്റെ സഹോദരനുമായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സച്ചിൻദാസും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് സജീർ, സെക്രട്ടറി രവിരാജ്, സുർജിത് ദാസ് എന്നിവർ വാഹനത്തിന്റെ രേഖകളുമായി സ്റ്റേഷനിലെത്തി. എസ്.ഐ വന്ന് രേഖകൾ പരിശോധിച്ച ശേഷം യുവാവിനെ വിട്ടയയ്ക്കാമെന്ന് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ഇവർ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തു.
സംഭവത്തിൽ സച്ചിൻ ദാസ്, രവിരാജ്, സജീർ, സുർജിത് എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇന്നലെ പിടികൂടിയ മൂന്ന് പേരെ ജാമ്യത്തിൽ വിട്ടയച്ചു.