c
കേന്ദ്ര ബഡ്ജറ്റിനെതിരെ എൽ.ഡി. എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദേശീയപ്രസ്ഥാന കാലത്തെ ആർ.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും നിലപാടിന്റെ പ്രായോഗികവൽക്കരണമാണ് എൻ.ഡി.എ സർക്കാർ കാശ്മീർ വിഭജനത്തിലൂടെ നടപ്പാക്കിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര ബഡ്ജജറ്റിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഒരുമിച്ച് നിർത്താനാണ് അന്നത്തെ ദേശീയപ്രസ്ഥാന നേതാക്കൾ കാശ്മീരിന് പ്രത്യേക പദവി നൽകിയത്. ദേശീയപ്രസ്ഥാനത്തിൽ യാതൊരു പങ്കും വഹിക്കാത്ത സംഘപരിവാർ അന്നുയർത്തിയ മുദ്രാവാക്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാർ ദോശ ചുടുന്നതുപോലെയാണ് നിയമങ്ങൾ മാറ്റുന്നത്. ഭരണഘടനയും സി.ബി.ഐയും റിസർവ് ബാങ്കുമൊന്നും ബി.ജെ.പിക്ക് മുകളിലല്ലെന്നാണ് നിലപാട്. കേരളത്തോട് കേന്ദ്രം വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നത്. പ്രളയ പുനരുദ്ധാരണത്തിന് ദേശീയതലത്തിൽ സെസ് ഏർപ്പെടുത്താമെന്നാണ് കേന്ദ്രം പറഞ്ഞത്. ഇപ്പോൾ പ്രളയം നേരിട്ടവരിൽ നിന്ന് തന്നെ പുനർനിർമ്മാണത്തിന് സെസ് പിരിക്കേണ്ട അവസ്ഥയാണ്. കേരളത്തിന് യാതൊരു സംരക്ഷണവും നൽകാത്ത കേന്ദ്ര ബഡ്ജറ്റിൽ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിർദ്ദേശങ്ങളാണുള്ളത്. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ പോവുകയാണ്. 400 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് ടാക്സ് 25 ശതമാനമായി ഇത്തവണത്തെ ബഡ്ജറ്റിൽ കുറച്ചിട്ടുണ്ട്. 2500 കോടിയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. കോർപ്പറേറ്റുകൾക്ക് സൗജന്യവും സാധാരണക്കാരന് ദുരിതവും നൽകുന്ന ബഡ്ജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്നും കാനം പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ.അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ.ആർ. ചന്ദ്രമോഹൻ, പി.എസ്. സുപാൽ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ വർക്കിംഗ് പ്രസിഡന്റ് തൊടിയിൽ ലുക് മാൻ തുടങ്ങിയവർ സംസാരിച്ചു.