പെരുമൺ - പേഴുംതുരുത്ത് പാലം റീ ടെണ്ടർ ചെയ്തു
കൊല്ലം: ''ആരെങ്കിലും വരണേ, ഞങ്ങളുടെ പാലം പണിയാൻ''. ഇത് മൺറോതുരുത്തുകാരുടെ ദയനീയമായ അഭ്യർത്ഥനയാണ്. ചിരകാല സ്വപ്‌നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം ടെണ്ടർ നടപടികളിൽ കുരുങ്ങി നീണ്ടുപോകുന്നതിനാൽ പ്രതീക്ഷകൾ മങ്ങിയ അവസ്ഥയിലാണവർ. പാലം നിർമ്മാണത്തിന്റെ ടെണ്ടർ പലതവണ നീട്ടിയിട്ടും ഒരാൾ മാത്രമാണ് മുന്നോട്ട് വന്നത്. ഇന്നലെ പദ്ധതി വീണ്ടും ടെണ്ടർ ചെയ്തിരിക്കുകയാണ്. ഒരാളെങ്കിലും റീ ടെണ്ടറിൽ പങ്കെടുത്തില്ലെങ്കിൽ മൺറോതുരുത്തുകാരുടെ സ്വപ്നസാഫല്യം ഇനിയും നീളും.
30 മീറ്റർ നീളമുള്ള 10 സ്പാനുകളും 70 മീറ്റർ നീളമുള്ള ഒരു സ്പാനുമാണ് പാലത്തിന്റെ രൂപരേഖയിലുള്ളത്. ഏഴുപത് മീറ്റർ നീളത്തിൽ സ്പാൻ നിർമ്മിക്കാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്തതുകൊണ്ടാകാം കൂടുതൽ പേർ ടെണ്ടറിൽ പങ്കെടുത്തതെന്നാണ് അധികൃതർ പറയുന്നത്.
റീടെണ്ടർ
അവസാന തീയതി: ആഗസ്റ്റ് 27
ടെക്നിക്കൽ ബിഡ് തുറക്കുന്നത്: ആഗസ്റ്റ് 30
ടെണ്ടർ നടപടികൾ ഇതുവരെ
മാർച്ച് 2നാണ് പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചത്. സ്വാഭാവിക കാലാവധി അവസാനിച്ചപ്പോൾ ഒരാൾ മാത്രമാണ് ടെണ്ടർ സമർപ്പിച്ചത്. രണ്ട് തവണ കൂടി കാലാവധി നീട്ടിയിട്ടും പുതുതായി ആരും ടെണ്ടർ സമർപ്പിക്കാഞ്ഞതോടെയാണ് റീ ടെണ്ടറിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ എസ്റ്റിമേറ്റ് നിരക്കിനൊപ്പം ജി.എസ്.ടി കൂടി ചേർക്കണമെന്ന പുതിയ സർക്കുലർ ലഭിച്ചുവെന്ന ന്യായം പറഞ്ഞ് റീ ടെണ്ടർ അനന്തമായി നീട്ടുകയായിരുന്നു.
ജൂൺ 10ന് റീ ടെണ്ടർ ചെയ്യുമെന്നാണ് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മാസത്തോളം പാഴാക്കിയ ശേഷം ഇന്നലെയാണ് റീ ടെണ്ടർ ചെയ്തത്. ഈ മാസം 27ആണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി. 30ന് ടെക്‌നിക്കൽ ബിഡ് തുറക്കും.
ഇനിയുള്ള നടപടി
റീ ടെണ്ടറിൽ കൂടുതൽ പേർ പങ്കെടുത്താൽ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ചവരുമായി കരാർ ഉറപ്പിക്കും. ഒരാൾ മാത്രമേ ഉള്ളുവെങ്കിൽ അവരുടെ ടെണ്ടർ തുക എസ്റ്റിമേറ്റ് തുകയെക്കാൾ ഉയർന്നതും ലോക്കൽ മാർക്കറ്റ് റേറ്റിനെക്കാൾ കുറഞ്ഞതുമാണെങ്കിലും കരാറിലേക്ക് നീങ്ങും. അതേസമയം ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ കൂടുതൽ ഉയർന്നതാണെങ്കിൽ ചീഫ് എൻജിനിയർമാരുടെ സമിതിയുടെയും സെക്രട്ടറി തലത്തിലുള്ള പരിശോധനകൾക്കും ശേഷം പൊതുമരാമത്ത് മന്ത്രിയുടെ തീരുമാനത്തിന് വിടും.
പെരുമൺ - പേഴുംതുരുത്ത് പാലം
പദ്ധതി തുക: 41.215 കോടി
എസ്റ്റിമേറ്റ് തുക: 36.47 കോടി
നീളം: 424 മീറ്റർ
വീതി: 11 മീറ്റർ
1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാത