f
മേധാ പട്കർ

കൊല്ലം: നാഷണൽ അലയൻസ് ഒഫ് പീപ്പിൾസ് മൂവ്മെന്റ്സ് (എൻ.എ.പി.എം) കേരളത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മേധാപട്‌കർ ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരവേദിയിൽ എത്തുമെന്ന് എൻ.എ.പി.എം സംസ്ഥാന കോ ഓർഡിനേറ്റർ കുസുമം ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി (7,8) നടക്കുന്ന സമ്മേളനത്തിൽ എൻ.എ.പി.എം അഖിലേന്ത്യാ നേതാക്കളായ മീര സംഘമിത്ര, എസ്.പി ഉദയകുമാർ എന്നിവരും മുല്ലക്കര രത്നാകരൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരും പങ്കെടുക്കും.

എൻ.എ.പി.എമ്മിന്റെ പിന്തുണ ആലപ്പാട് സമരത്തിന് ഉറപ്പാക്കുക, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ ഈ വിഷയത്തിന്റെ ഗൗരവം കൊണ്ടുവരിക, സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുക, ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുക തുടങ്ങിയവയാണ് മേധാ പട്കറുടെ സന്ദർശന പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ജനകീയ വിഷയങ്ങൾ അവതരിപ്പിക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും. കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതി ചെയർമാൻ കെ.ചന്ദ്രദാസ്, ജോൺ പെരുവന്താനം, സന്തോഷ്, ശിവലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.