കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിൽ സർവീസ് നടത്തുകയും പിന്നീട് നിറുത്തലാക്കുകയും ചെയ്ത സർവീസുകൾ പുനരാരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിവിലുള്ള സർവീസുകൾ പലതും നിർത്തിയതിനാൽ ഗ്രാമപ്രദേശങ്ങളിൽ യാത്രാ ക്ലേശം ഏറിയതായി മെമ്പർമാർ ചൂണ്ടിക്കാട്ടി. താലൂക്കിൽ ഫുഡ് സേഫ്റ്റി പരിശോധന കർശനമാക്കുക, അനധികൃത അറവ് ശാലകളുടെ പ്രവർത്തനം നിറുത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. ഷിഹാബ്, സേതുലക്ഷ്മി, ലളിത, പി. സെലീന തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ എൻ. സാജിതാ ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു.