2.70 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് - പെരുംകുളം റോഡ് നിർമ്മാണത്തിനായി 2.70 കോടി രൂപ അനുവദിച്ചു. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഏറെ നാളായി തകർന്നു കിടന്ന റോഡിന് ശാപമോക്ഷമാകുന്നതിനൊപ്പം ശാസ്താംകോട്ട, പുത്തൂർ ഭാഗങ്ങളിൽ നിന്ന് എം.സി റോഡിലേക്ക് പോകേണ്ടവർക്ക് റോഡ് വളരെ പ്രയോജനകരമാകും. പെരുംകുളം റേഷൻകട ജംഗ്ഷനിൽ നിന്നും എം.സി റോഡിലെത്താനുള്ള റോഡും നവീകരിക്കുന്നുണ്ട്. ശാസ്താംകോട്ട- കൊട്ടാരക്കര കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. രണ്ട് റോഡുകളും പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും.
തിരക്ക് കുറയും
മൂഴിക്കോട് ചിറയുടെ സമീപത്ത് നിന്ന് ആരംഭിച്ച് പെരുംകുളം റേഷൻകട ജംഗ്ഷനിൽ എത്തുന്നതാണ് റോഡ്. കൊട്ടാരക്കര - പുത്തൂർ റോഡിനെയും കൊട്ടാരക്കര - പൂവറ്റൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഹൈടെക് നിലവാരത്തിൽ നിർമ്മിക്കുന്നതോടെ മൂഴിക്കോട് മുതൽ കൊട്ടാരക്കര വരെയുള്ള റോഡിലെ തിരക്കിന് കുറവുണ്ടാകും.
ടെണ്ടർ നടപടികൾക്ക് വേഗത കൂട്ടാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പി. ഐഷാ പോറ്റി എം.എൽ.എ
റോഡ് നിർമ്മാണം ഇഞ്ചക്കാട് വരെ നീട്ടണം
കോട്ടാത്തല മൂഴിക്കോട്- പെരുംകുളം റോഡിന്റെ നിർമ്മാണം എം.സി റോഡിൽ ഇഞ്ചക്കാട് വരെ നീട്ടണമെന്ന് കോൺഗ്രസ്(ഐ) പെരുംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 2.70 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചത്. കൊട്ടാരക്കര- ശാസ്താംകോട്ട റോഡിനെയും എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചെങ്കിൽ മാത്രമേ റോഡിന്റെ ശരിയായ ഗുണം ലഭിക്കുകയുള്ളൂ. ഇതിന് ഇഞ്ചക്കാട് വരെ നീട്ടേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം സുഭദ്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ്, വിജയധരൻ നായർ, ഗോപി, സുധാകുമാരി, നിർമ്മല, ജയകുമാർ, ജോയി, മുരളീധരൻ പിള്ള, വാസു, മോഹനൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു.
.