1
പഞ്ചായത്തിന്റെ അനുമതിയില്ലാതെ വാട്ടർ അതോറിറ്റി റോഡ് കുഴിച്ചത് നാട്ടുക്കാർ തടഞ്ഞപ്പോൾ

‌എഴുകോൺ : നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയിട്ട് മാസങ്ങൾ മാത്രമായ നെടുമ്പായിക്കുളം - എഴുകോൺ ഇ.എസ്.ഐ റോഡ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ പൈപ്പ് സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച വാട്ടർ അതോറിറ്റിയുടെ പണി വാർഡംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നെടുമ്പായിക്കുളം ജംഗ്ഷനിൽ നിന്ന് എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലേക്കുള്ള റോഡിന്റെ വശത്ത് കുഴിയെടുത്തതാണ് വാർഡ് അംഗം അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞത്. ജില്ലാ പഞ്ചായത്തിന്റെ ഗ്രാമ വികസന ഫണ്ട് ഉപയോഗിച്ച് എഴുകോൺ പഞ്ചായത്തിൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡാണ് വെട്ടിപ്പൊളിച്ചത്. എട്ട് ലക്ഷം രൂപയായിരുന്നു റോഡിന്റെ നിർമ്മാണ ചെലവ്. കുഴിയെടുക്കുമ്പോൾ റോഡിനുണ്ടാക്കുന്ന കേടുപാടുകൾ അറ്റകുറ്റപ്പണി ചെയ്ത് ശരിയാക്കുമെന്ന് വ്യവസ്ഥ ചെയ്ത് നൽകിയാൽ മാത്രമേ പണി തുടരാൻ അനുവദിക്കുകയുള്ളൂ എന്ന് പ്രദേശവാസികൾ നിലപാടെടുത്തതോടെയാണ് കുഴി മണ്ണിട്ട് നികത്തിയത്. പഞ്ചായത്തിന്റെ അനുമതിയോടെ ഉടൻ പണി പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റോഡിന്റെ ചെലവ്: 8 ലക്ഷം രൂപ

ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു

പഞ്ചായത്തിന്റെയോ അനുബന്ധ വകുപ്പുകളുടെയോ അനുമതിയില്ലാതെയാണ് നെടുമ്പായിക്കുളം - എഴുകോൺ ഇ.എസ്.ഐ റോഡ് ജലവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. തുടർന്ന് വാർഡ് അംഗം അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിളിച്ചു വരുത്തി പണി നിറുത്തിവെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ദേശീയ പാതയടക്കം പഞ്ചായത്തിലെ മറ്റ് റോഡുകളിൽ സമാന്തരമായി പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പെട്ടന്ന് പൂർത്തിയാക്കുന്നതിനാണ് നെടുമ്പായിക്കുളം റോഡിൽ പണി ആരംഭിച്ചത്

വാട്ടർ അതോറിറ്റി കൊട്ടാരക്കര എക്സിക്യൂട്ടീവ് എൻജിനിയർ