പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ വർഷങ്ങൾ പഴക്കമുള്ള വെട്ടിയതോട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ 3.27 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ശ്രമഫലമായാണ് പുതിയ പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത്. പാലത്തിന് സമാന്തരമായി റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം അളന്നു തിരിച്ച് കല്ലിട്ടെങ്കിലും ഭൂഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുകയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഫയലുകൾ കൊല്ലം കളക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമാണ്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ടെൻഡർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
വെട്ടിയ തോട് പാലത്തിന്റെ ഭരണാനുമതി ലഭിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കും
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ഇനി ലഭിക്കാനുള്ളത്. ഫയൽ പരിഗണനയിലാണ് ' ശ്രീജ എം എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബ്രിഡ്ജസ് വിഭാഗം, കൊല്ലം.
ഇന്ന് പരിശോധന
വെട്ടിയ തോട് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ടറേറ്റിൽ നിന്ന് ഭൂമി ഏറ്റെടുക്കൽ വിഭാഗവും തഹസിൽദാരും ഇന്ന് സ്ഥലം പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.