അഞ്ചൽ: കേരളകൗമുദി, കൗമുദി ടി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടക്കുന്ന ഫെസ്റ്റിന് ഇന്ന് തുടക്കം. ഒൗദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി കെ. രാജു നിർവഹിക്കും. എല്ലാദിവസവും ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയാണ് മേള.
അഞ്ചൽ-ആയൂർ റോഡിൽ വട്ടമൺ പാലത്തിനു സമീപം അർച്ചന ഗാർഡൻസിലാണ് ഫെസ്റ്റ് നടക്കുന്നത്. കാർഷിക,വ്യാവസായിക പ്രദർശനം, വിപണനം, അക്വാ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, ഫുഡ് കോർട്ട്, കാർഷിക സെമിനാറുകൾ,അമ്യൂസ്‌മെന്റ് പാർക്ക്, സാംസ്‌കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, നാടൻ കലകൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിവ ഇതിന്റെ ഭാഗമാണ്. എല്ലാദിവസവും കർഷകർക്കായി അന്തിച്ചന്തയും പ്രവർത്തിക്കും. ഇവിടെ കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും സൗകര്യവും ഉണ്ടായിരിക്കും. എല്ലാദിവസവും തിരഞ്ഞെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും. എല്ലാദിവസവും ഉച്ചക്ക് 3 മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും 5 മണിമുതൽ സ്റ്റേജ് ഷോയും നടക്കും. ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ്, ആനന്ദഭവൻ സെൻട്രൽ സ്‌കൂൾ, ജ്വാലാ സാംസ്‌കാരികവേദി, ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ്, സെന്റ് ജോർജ് സെൻട്രൽ സ്‌കൂൾ, ശബരിഗിരി സ്‌കൂൾ, റോയൽസ്ട്രിഗ്‌സ് കൊല്ലം തുടങ്ങിയ വിവിധടീമുകളുടെ കലാപരിപാടികൾ മേളയ്ക്ക് കൊഴുപ്പേകും.
വിവിധ സെമിനാറുകൾക്ക് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ സുരേഷ്, ടൂർഫെഡ് എം.ഡി ഷാജിമാധവൻ, കെ. എൽ.ഡി ബോർഡ് എം.ഡി ഡോ. ജോസ് ജെയിംസ്, കോകോ ഫെഡ് എം.ഡി ആർ. വേണുകുമാർ, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അനിതാമണി, കാർഷിക വിദഗ്ദ്ധരായ കുരികേശു, സുകുമാരൻ ആചാരി, പ്രിയകുമാർ, കെ. എം രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകും
ഫെസ്റ്റിന്റെ നടത്തിപ്പിനായി ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി കെ ജയകുമാർ ചെയർമാനും ലയൺസ് ഇന്റർ നാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി സുരേന്ദ്രൻ ജനറൽ കൺവീനറും, പി അരവിന്ദൻ, ആർച്ചൽ സോമൻ, ആയൂർഗോപിനാഥ്, അനീഷ് കെ അയിലറ, കെ സോദരൻ, അഞ്ചൽ ഗോപൻ, എസ് അജിത്കുമാർ, അഞ്ചൽ ജഗദീശൻ എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘവും പ്രവർത്തിച്ചുവരുന്നു.