navas
സമഗ്ര മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കൂടു വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് നിർവഹിക്കുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് നിർവഹിച്ചു. പഞ്ചായത്തിലെ 85 കുടുംബശ്രീ വനിതകളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക രംഗത്ത് വിദഗ്ദ്ധരായ ഗ്രാമ സ്വരാജ് ഇന്റഗ്രേറ്റഡ് ഫാമിംഗ് കമ്പനിയാണ് പദ്ധതി നിർവഹണ ചുമതല വഹിക്കുന്നത്. ഹൈടെക് കൂടും 20 കോഴിയും 25 കിലോ തീറ്റയും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. 1700 കോഴികളെയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഒരു ദിവസം 1500 മുട്ട ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് പറഞ്ഞു. പനപ്പെട്ടി വാർഡിൽ നടന്ന കൂടു വിതരണ ചടങ്ങിൽ അനിൽ പനപ്പെട്ടി, ആർ. കൃഷ്ണകുമാർ, ടി.ആർ. ബീന, എസ്. ദിലീപ് കുമാർ, ബിന്ദു ഗോപാലകൃഷ്ണൻ , സബീല തുടങ്ങിയവർ പങ്കെടുത്തു.