കൊല്ലം: കൂട്ടിക്കട ജംഗ്ഷനിലെ ഗതാഗത സ്തംഭനം പരിഹരിക്കാൻ ലെവൽ ക്രോസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളൊന്നാകെ ഏറ്റെടുക്കുമ്പോൾ അധികൃതർക്ക് മെല്ലെപ്പോക്ക്. ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച സ്ഥലപരിശോധനയും പഠനവും പൊതുമരാമത്ത് വകുപ്പ് അനന്തമായി നീട്ടുകയാണ്.
തട്ടാമല, മയ്യനാട് റോഡുകൾ നേരെ എതിർദിശയിലാക്കി നടുവിൽ ലെവൽക്രോസ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വായനശാലാ ഭാരവാഹികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പലതവണ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർ ഇപ്പോൾ പിന്നോട്ട് പോവുകയാണെന്നാണ് പരാതി. മറ്റ് ജോലിത്തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നത്. ജനപ്രതിനിധികളും സമാനമായ നിലപാടിലാണ്. മയ്യനാട്, ഇരവിപുരം മേല്പാലങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ കൂട്ടിക്കടയിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഇവരുടെ നിലപാട്.
'' ഗേറ്റ് അടവും പിന്നീട് തുറക്കുമ്പോഴുള്ള ഗതാഗത സ്തംഭനവും കാരണം പലതവണ കുട്ടികളെ കൃത്യസമയത്ത് സ്കൂളിൽ എത്തിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഇതിനുള്ള ശിക്ഷ പലപ്പോഴും ലഭിക്കുന്നത് കുട്ടികൾക്കാണ്. അതുകൊണ്ട് ഗേറ്റിന് അപ്പുറമുള്ള കുട്ടികളെ കയറ്റുന്നത് ഒഴിവാക്കിയിരിക്കുകയാണ്. കൃത്യസമയത്ത് എത്താനാകില്ലെന്ന് ഉറപ്പായപ്പോൾ പലതവണ കിലോ മീറ്ററുകൾ ചുറ്റിത്തരിഞ്ഞ് പോകേണ്ടിയും വന്നിട്ടുണ്ട്.''
ജെ. ജയരാജ്
(സ്കൂൾ വാൻ ഡ്രൈവർ)
'' ഗേറ്റടവ് കാരണം പലതവണ ഇവന്റുകൾക്ക് കൃത്യസമയത്തെത്താൻ കഴിയാതെ വന്നിട്ടുണ്ട്. കൂട്ടിക്കട വഴി പോയാൽ പരവൂരിലേക്ക് 9 കിലോ മീറ്ററേയുള്ളു ദൂരം. പക്ഷെ ചാത്തന്നൂർ വഴി 21 കിലോമീറ്റലധികം ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയാണ്.''
അജിലാൽ
(ഫ്രീലാൻസ് ഫോട്ടോഗ്രാഫർ)