കൊല്ലം: അവനീബാലയുടെ പേരിൽ എഴുത്തുകാരികൾക്ക് വേണ്ടി ഏർപ്പെടുത്തിയ പുരസ്‌കാരം കഥാകാരി ലിസി, വനിതാകമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനിൽ നിന്ന് ഏറ്റുവാങ്ങി. ലിസിയുടെ 'ബോറിബന്തറിലെ പശു' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്. അനുസ്മരണ ചടങ്ങ് മുൻമന്ത്റി കെ. പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതിയ കേന്ദ്രസർക്കാർ അധികാരമേറ്റതിനുശേഷം നടത്തിയ പ്രധാന നിയമ ഭേദഗതികളെല്ലാം ഭരണഘടനയെ തന്നെ അപ്രസക്തമാക്കുകയാണെന്ന് കെ. പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ആദ്യപാർലമെന്റ് സമ്മേളനത്തിൽ തന്നെ സുപ്രധാനമായ 44 തൊഴിൽ നിയമങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. എസ് സുലഭ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി പത്മറാവു , ഡോ. ബിന്ദു ആർ ദേവ്, ഡോ. പ്രസാദ് അഞ്ചൽ, ജസീന റഹിം, ആശ ശർമ്മ എന്നിവർ സംസാരിച്ചു. ഒ. വി ഉഷ, പ്രൊഫ. സുധ ബാലചന്ദ്രൻ, ഡോ. ആർ ഉഷാദേവി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. 10,000 രൂപയും ശിൽപവും രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം.