c
യാത്രാദുരിത്തിൽ വലഞ്ഞ് പരവൂരുകാർ

പരവൂർ: പരവൂർ നിവാസികളുടെ യാത്രാദുരിതത്തിന് വർഷങ്ങളായിട്ടും പരിഹാരമാകുന്നില്ല. കൊല്ലത്ത് നിന്ന് വൈകിട്ടുള്ള മധുര പാസഞ്ചർ കഴിഞ്ഞാൽ പിന്നീട് നാല് മണിക്കൂർ കഴിഞ്ഞുള്ള വേണാട് എക്‌സ്പ്രസ് മാത്രമാണ് ഇവരുടെ ആശ്രയം. ആവശ്യത്തിന് ബസ് സർവീസുകളുമില്ലാത്തത് സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയാണ്.

വിദ്യാർത്ഥികളും കൊല്ലം നഗരത്തിൽ ജോലിക്ക് പോകുന്നവരും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളുമാണ് അധികവും കഷ്ടപ്പെടുന്നത്. സമയത്തിന് ജോലിക്ക് പോകുന്നതും രാത്രിയാകുന്നതിന് മുന്നേ വീട്ടിലെത്തുന്നതും ഇപ്പോൾ ഇവരെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്.

 ചെയിൻ സർവീസ് ആരംഭിക്കണം

പരവൂരുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് പരവൂർ - ഊന്നിൻമൂട് - പാരിപ്പള്ളി ചെയിൻ സർവീസ് ആരംഭിക്കണമെന്നത്. ആവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നിലവിൽ തുടങ്ങിയ ചെയിൻ സർവീസുകളെല്ലാം വൻ വിജയമായ സാഹചര്യത്തിൽ യാത്രാക്ളേശം പരിഹരിക്കുന്നതിന് സർവീസ് ആരംഭിക്കുകയും നിലവിലുള്ള സർവീസുകൾ രാത്രി 10 വരെയെങ്കിലും തുടരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 രാത്രിയിലും പകലുമുള്ള പരവൂർ നിവാസികളുടെ യാത്രാക്ളേശം അകറ്റാൻ അടിയന്തരമായി പരവൂർ - ഊന്നിൻമൂട് - പാരിപ്പള്ളി ചെയിൻ സർവീസുകൾ ആരംഭിക്കണം.

ഷാക്കിർ

പൂതക്കുളം മണ്ഡലം

കോൺഗ്രസ് മെമ്പർ

 പരവൂരിൽ നിന്നുള്ള ബസ് യാത്രദുരിതം ദിനംപ്രതി രൂക്ഷമാകുകയാണ്. ഒരു കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയോ ഒരു ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനോ പരവൂരിലില്ല. രാത്രിയായാൽ പൂതക്കുളം, ഊന്നിൻമൂട്, പാരിപ്പള്ളി, കലയ്‌ക്കോട്, നെല്ലേറ്റിൽ, കാപ്പിൽ, ഇടവ, ചാത്തന്നൂർ എന്നിവിടങ്ങളിലേക്ക് ബസില്ല. രാത്രി 9ന് ശേഷം ഇവിടങ്ങളിലേക്ക് ഒന്നോ രണ്ടോ കെ.എസ്.ആർ.ടി.സി സർക്കുലർ സർവീസുകൾ കൂടി ആരംഭിച്ചാൽ രാത്രിയിലെ യാത്രാ ദുരിതം പരിഹരിക്കാനാകും.

പരവൂർ മോഹൻദാസ്

പ്രസിഡന്റ്, നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി