കൊല്ലം: പി.എസ്.സി നടത്തിയ പൊലീസ് പരീക്ഷയും റാങ്ക് ലിസ്റ്റും വിവാദമാകുമ്പോൾ ഒൻപതു വർഷം മുമ്പ് പൊലീസ് സേനയിലെ നിയമനത്തിൽ നടന്ന മറ്റൊരു വൻ തട്ടിപ്പ്കേസ് ഇപ്പോഴും വിചാരണ കാത്തു കിടക്കുകയാണ്. ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും നടപടി ആയിട്ടില്ല. ഒന്നാം പ്രതി ഒരുവർഷം മുമ്പ് മയ്യനാടിന് സമീപം ട്രെയിൻ തട്ടി മരിക്കുകയും ചെയ്തു.
സംസ്ഥാന പൊലീസിൽ ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ എസ്.ഐ തസ്തികയുൾപ്പെടെ അര ഡസൻ പരീക്ഷകളിൽ ആൾമാറാട്ടവും ചോദ്യപേപ്പർ ചോർത്തലും നടത്തിയ കേസാണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികൾ അകത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ തട്ടിപ്പ് പുറത്തുവന്നതെങ്കിൽ, അന്ന് ഒരു ഊമക്കത്താണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. 2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നതായി അന്നത്തെ പി.എസ്.സി ചെയർമാന് ലഭിച്ച ഊമക്കത്താണ് അന്വേഷണത്തിലേക്കെത്തിച്ചത്. കൊല്ലം വാളത്തുംഗൽ സ്വദേശി സുന്ദർദാസ് ആൾമാറാട്ടം നടത്തി ശങ്കരമംഗലം സ്കൂളിൽ പി.എസ്.സി പരീക്ഷയിൽ പങ്കെടുത്തെന്നായിരുന്നു കത്ത്. കത്തിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഡി.ജി.പി അന്നത്തെ കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. കൊല്ലം ഡിവൈ.എസ്.പി ആയിരുന്ന (ഇപ്പോഴത്തെ ആലപ്പുഴ അഡിഷണൽ എസ്.പി) ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പി.എസ്.സി പരീക്ഷയിലെ വൻ തട്ടിപ്പ് കണ്ടുപിടിച്ചത്.
ഹാൾ ടിക്കറ്റിൽ ഉദ്യാഗാർത്ഥിയുടെ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു ആൾമാറാട്ടം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിൽ അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി പരീക്ഷകൾ, എച്ച്.എസ്.എ തുടങ്ങിയ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. എസ്.ഐ റാങ്ക്ലിസ്റ്റിൽ പ്രതികളായ 5 പേർ ഉൾപ്പെട്ടതിനെ തുടർന്ന് എസ്.ഐ പരീക്ഷ പിന്നീട് റദ്ദാക്കുകയും ചെയ്തു.
ആറ്റിങ്ങലിൽ വ്യവസായ വകുപ്പ് ഓഫീസ് ജീവനക്കാരനായിരുന്ന കൊല്ലം മയ്യനാട് സ്വദേശി പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്ന മൊബൈൽ ഫോണുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫോണിലൂടെ ഉത്തരങ്ങൾ കൈമാറുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. ഒരു പാരലൽ കോളേജ് കേന്ദ്രീകരിച്ച് പരീക്ഷാ ദിവസങ്ങളിൽ ഉത്തരങ്ങൾ ആവശ്യക്കാർക്ക് ഫോൺ വഴി നൽകുകയായിരുന്നു. പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക് ചുരുട്ടിയിടുന്ന ചോദ്യപേപ്പർ കടത്തിക്കൊണ്ടുപോയി ഫോൺ വഴി ഉത്തരം പറഞ്ഞുകൊടുക്കുന്ന രീതിയും കണ്ടെത്തി. ഒന്നാം പ്രതി പ്രകാശ്ലാലടക്കം 10 കേസുകളിലായി 39 പ്രതികളെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിച്ചെങ്കിലും കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടന്നു. 2014ൽ ഐ.ജി ആയിരുന്ന മനോജ് എബ്രഹാമിനെക്കൊണ്ട് സർക്കാർ പുനരന്വേഷണം നടത്തിയെങ്കിലും ആദ്യ അന്വേഷണം ശരിവയ്ക്കുകയായിരുന്നു. തുടർന്ന് ചില പ്രതികൾ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും പരാതി തള്ളി.
പ്രധാന പ്രതി പ്രകാശ് ലാലിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലും ദുരൂഹതയുണ്ടായിരുന്നെങ്കിലും ആവഴിക്ക് ഒരന്വേഷണവും നടന്നില്ല.
പി.എസ്.സി പരീക്ഷാ രീതിയിൽ മാറ്റം വരുത്തി
ഈ തട്ടിപ്പ് പുറത്തുവന്നതോടെയാണ് പി.എസ്.സി പരീക്ഷാ നടത്തിപ്പിൽ സമൂല മാറ്റം വരുത്തിയത്. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നതും മൊബൈൽ ഫോണിന് പരീക്ഷാ ഹാളിൽ വിലക്കേർപ്പെടുത്തിയതുമുൾപ്പെടെ 11 ഇന പരിഷ്ക്കാരങ്ങളാണ് പി.എസ്.സി നടപ്പാക്കിയത്. ഓൺലൈൻ രജിസ്ട്രേഷനടക്കമുള്ള നടപടികളും ഇതേതുടർന്നായിരുന്നു. എന്നാൽ തട്ടിപ്പുകൾക്ക് ഇപ്പോഴും പഴുതുകളുണ്ടെന്നാണ് പുതിയ സംഭവങ്ങൾ അടിവരയിടുന്നത്.