rakhi
രാഖിലത

കൊല്ലം: എക്സൈസിന്റെ കൊല്ലം സ്‌പെഷ്യൽ സ്‌ക്വാഡും ജില്ലാ ഇന്റലിജൻസ് ബ്യൂറോയും ഓപ്പറേഷൻ ക്ലീൻ കൊല്ലം എന്ന പേരിൽ സംയുക്തമായി നടത്തുന്ന റെയ്ഡിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. ശക്തികുളങ്ങര കല്ലുംമൂട് സരള സദനത്തിൽ രാഖിലത (34), ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ മൂലങ്കര ലക്ഷം വീട് കോളനിയിൽ ഷാജഹാൻ (52,ജിം ഷാജി) എന്നിവരാണ് പിടിയിലായത്.

പാലത്തറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് നാലു കിലോ കഞ്ചാവുമായി രാഖിലത പിടിയിലായത്. ഇവർ കഞ്ചാവ് കടത്തിയതിന് നാല് തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭർത്താവ് സ്റ്റീഫൻ കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ആന്ധ്രയിൽ നിന്നാണ് രഖിലത കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കണ്ണനല്ലൂർ വച്ച് ഒരു കിലോ കഞ്ചാവുമായാണ് ഷാജഹാൻ കുടുങ്ങിയത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദേശ പ്രകാരം കൊല്ലം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ജെ. റെജി, സി.പി. ദിലീപ്, എ.പി. ഷിഹാബ് ,ബി.സഹീർഷ, കെ. ഷജീബ്, പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ,സി.ഇ.ഒമാരായ മനു. കെ മണി ,അനിൽകുമാർ, പ്രസന്നൻ, ശ്രീനാഥ് , ശിവപ്രകാശ്, വനിതാ സി.ഇ.ഒമാരായ ബീന, നിഷാമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.