അഞ്ചൽ: കേരളകൗമുദി, കൗമുദി ടി. വി എന്നിവയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടക്കുന്ന ഫെസ്റ്റിന് തുടക്കമായി. ഇന്ന് വൈകിട്ട് 5ന് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വനം മന്ത്രി അഡ്വ. കെ രാജു മേള ഉദ്ഘാടനം ചെയ്യും.
അഞ്ചൽ -ആയൂർ റോഡിൽ വട്ടമൺ പാലത്തിനു സമീപം അർച്ചന ഗാർഡൻസാണ് ഫെസ്റ്റ് വേദി.
ലോക റെക്കോഡ് നേടിയ ശിലാമ്യൂസിയവും വിസ്മയിപ്പിക്കുന്ന നിരവധി പുരാവസ്തുക്കളും മേളയുടെ മുഖ്യ ആകർഷണമാണ്. ലോകത്തിലെ ഏറ്റവും വിലയുള്ള നോട്ടും ഏറ്റവും ചെറിയ നാണയവും, പത്തുലക്ഷംകോടിയുടെ ഒറ്റനോട്ടുമെല്ലാം കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വിസ്മയക്കഴ്ചയാകും. ഡിജിറ്റൽ വിസ്മയമൊരുക്കുന്ന 9ഡി തീയേറ്ററും കാണികൾക്ക് നവ്യാനുഭവമാകും
കാർഷിക,വ്യാവസായിക പ്രദർശനം, വിപണനം, പുരാവസ്തു പ്രദർശനം, അക്വാ, പെറ്റ് ഷോ, ഫ്ളവർ ഷോ, ഫുഡ് കോർട്ട്, കാർഷിക സെമിനാറുകൾ,അമ്യൂസ്മെന്റ് പാർക്ക്, സാംസ്കാരികസമ്മേളനങ്ങൾ, കവിയരങ്ങ്, നാടൻ കലകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ഫെസ്റ്റിലെ ഇനങ്ങൾ.
കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുന്നതിനും വിൽപ്പനയ്ക്കുമായി അന്തിച്ചന്തയും പ്രവർത്തിക്കും.എല്ലാദിവസവും തിരഞ്ഞെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും. ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയാണ് മേള.എല്ലാദിവസവും ഉച്ചക്ക് 3 മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും 5 മണിമുതൽ സ്റ്റേജ് ഷോയും നടക്കും. നാടൻ,ചൈനീസ്. കോണ്ടിനെന്റൽ വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റിവലും മേളയുടെ ആകർഷണമാണ്.
6 മണിമുതൽ നടക്കുന്ന കലാസന്ധ്യയിലും, കവിയരങ്ങിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ, സ്കൂളുകൾ, കലാകാരൻർ എന്നിവർ 86 06 22 90 22, 9947 0081 74 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മറ്റി കോ ഓർഡിനേറ്റർ കാഥികൻ അഞ്ചൽ ഗോപൻ,കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ എന്നിവർ അറിയിച്ചു.