കുന്നത്തൂർ:കാശ്മീരിൽ ചൊവ്വാഴ്ച വെടിയേറ്റു മരിച്ച യുവ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കൊല്ലം പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കതിൽ വിജയകുമാറിന്റെയും ശ്യാമളകുമാരിയുടെയും മകൻ വിശാഖ് കുമാർ (23) വൈകിട്ട് മൂന്നോടെയാണ് വെടിയേറ്റ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ സഹപ്രവർത്തകർ വീട്ടിൽ അറിയിക്കുകയായിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ല.
വിശാഖിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 12.25ന് ശ്രീനഗറിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വിമാനമാർഗ്ഗം രാത്രി 10.30ന് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതികശരീരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി കമ്പലടിയിലെ വീട്ടിലെത്തിക്കും.ഔദ്യോഗിക ബഹുമതികളോടെ പിന്നീട് സംസ്ക്കാരം നടത്തും. ശ്രീനഗറിൽ നിന്ന് വിശാഖിന്റെ വീടുവരെ ഹവിൽദാർ അനീഷ് മൃതദേഹത്തെ അനുഗമിക്കും
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ മുകേഷ് അഗർവാളിനെ നേരിൽകണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കത്ത് നൽകിയിരുന്നു.
കാശ്മീരിലെ ഉറി സെക്ടറിൽ മെഡിക്കൽ കോറിലായിരുന്നു വിശാഖ്.രണ്ടര വർഷം മുൻപാണ് സൈന്യത്തിൽ ചേർന്നത്.മൂന്നു മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഏക സഹോദരൻ വിമലും സൈനികനാണ്.
അന്വേഷണം നടത്തണം:
കൊടിക്കുന്നിൽ സുരേഷ്
കുന്നത്തൂർ: ധീരജവാൻ വിശാഖിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമുണ്ടായിരിക്കുന്ന ആശങ്ക ദൂരീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.