navas
പായലുകയറിയ ആറാട്ടുകുളം

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വേങ്ങ ആറാട്ടുകുളത്തിന്റെ നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായിക്കിടക്കുന്ന കുളത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം പെരുകിയതോടെ പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകുളം നവീകരിക്കാൻ തീരുമാനമായത്. തുടർന്ന് കുളം വറ്റിച്ച് ചെളിയും മണലും പായലും നീക്കം ചെയ്തു. എന്നാൽ മഴ ശക്തമായതോടെ ലക്ഷങ്ങൾ ചെലവിട്ട് നീക്കം ചെയ്ത പായൽ പഴയതു പോലെ കുളത്തിലാകെ പടർന്നു.

എവിടെ നീന്തൽക്കുളം?

ആറാട്ടുകുളത്തിൽ നീന്തൽ പരിശീലന കേന്ദ്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് ലക്ഷങ്ങൾ ചെലവിട്ട് കുളം നവീകരിക്കാൻ ആരംഭിച്ചത്. കുളം വറ്റിച്ച് ചെളിയും മണലും പായലും നീക്കം ചെയ്യുകയും പാർശ്വഭിത്തികളിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. നീന്തൽ പരിശീലന കേന്ദ്രത്തിനാവശ്യമായ നിർമ്മാണങ്ങൾക്ക് പഞ്ചായത്ത് ഏഴു ലക്ഷം രൂപ വകയിരുത്തിയതല്ലാതെ തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. ഇതോടെ നീന്തൽ പരിശീലന കേന്ദ്രം എന്ന പ്രഖ്യാപനം വാക്കുകളിലൊതുങ്ങി.

മണ്ണ് ലേലം ചെയ്തില്ല

കുളത്തിൽ നിന്ന് നീക്കം ചെയ്ത നല്ല വില ലഭിക്കുന്ന മണ്ണ് ലേലം ചെയ്യാതെ സമീപത്തെ പുരയിടത്തിൽ ഇട്ടിരിക്കുന്നതിനാൽ മഴ സമയത്ത് കുളത്തിലേക്ക് തന്നെ ഒലിച്ചിറങ്ങുകയാണ്. അധികൃതരുടെ കടുത്ത അനാസ്ഥയിൽ ലക്ഷക്കണക്കിന് രൂപ പാഴായി പോവുകയാണെന്നാണ് നാട്ടുകാരുടെ പരാതി.