കൊല്ലം: മയ്യനാട് മുക്കം ബീച്ചിന് സമീപം വച്ച് വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിലായി.
മയ്യനാട് പ്ലാവിള മുക്ക് മെഹാൻ മൻസിലിൽ ഫിറോസ് ഖാൻ(21), മയ്യനാട് കുറ്റിക്കാട് ലക്ഷം വീട്ടിൽ അജീഷ് (21), മയ്യനാട് വയലിൽ വീട്ടിൽ നൗഫൽ (20), മയ്യനാട് പാമ്പ് മുക്ക് മാളിക വീട്ടിൽ അൽത്താഫ് (22) എന്നിവരാണ് പിടിയിലായത്. കൊല്ലം ടി.കെ.എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ഉമയനല്ലൂർ അബ്ദുള്ള മൻസിലിൽ സജീദിന്റെ മകനുമായ ജുനൈദിനെ (19) ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ വിവാഹത്തിന് തുണിയെടുക്കാൻ പരവൂരുള്ള അമ്മാവന്റെ മെൻസ് വെയറിൽ സുഹൃത്തുമൊത്ത് പോയി വരുന്ന വഴി ജുനൈദ് വിശ്രമിക്കാനായി മുക്കം ബീച്ചിൽ ബൈക്ക് നിറുത്തി. ഈ സമയം മൂന്ന് ബൈക്കുകളിലായെത്തിയ സംഘം ഇവർക്കരികിലെത്തി ഇവരുടെ ആഡംബര ബൈക്ക് ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ താക്കോൽ പിടിച്ചുവാങ്ങി ബൈക്കിൽ ഓരോരുത്തരായി അഭ്യാസപ്രകടനം നടത്തി. ഏറെനേരം കഴിഞ്ഞിട്ടും ബൈക്ക് തിരികെ തരാത്തത് ജുനൈദ് ചോദ്യം ചെയ്തു. ഇതേത്തുടർന്നുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ജുനൈദിന് ശരീരമാസകലം സാരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെയാണ് കേസ്. രണ്ടാഴ്ച മുൻപ് പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് രണ്ട് ബൈക്കുകൾ പിടിച്ചെടുത്തിരുന്നു.
തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രതികൾ ഇന്നലെ രാവിലെ 10.30 മയ്യനാട് വച്ചാണ് പിടിയിലായത്. ഇരവിപുരം സി.ഐ അജിത്ത് കുമാർ, എസ്.ഐമാരായ എ.പി. അനീഷ്, ജ്യോതി സുധാകർ, എ.എസ്.ഐ ദിനേശ്കുമാർ, സി.പി.ഒമാരായ രാജേഷ് കുമാർ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.