photo
ചിതറ ഓയിൽപാം എസ്റ്റേറ്റിലെ കന്യാർകയം വെള്ളച്ചാട്ടം

കടയ്ക്കൽ: വിദേശ - സ്വദേശ ടൂറിസ്റ്റുകളെ മാടിവിളിക്കുകയാണ് ചിതറ എസ്റ്റേറ്റും ഓയിൽ പാമിലെ കന്യാർകയം വെള്ളച്ചാട്ടവും. ടൂറിസം സാദ്ധ്യതകളെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തതിനാൽ പുറമേ നിന്നുള്ള ടൂറിസ്റ്റുകൾ അധികമൊന്നും ഇവിടേക്ക് എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. എണ്ണപ്പനത്തോട്ടത്തിനിടയിലൂടെയുള്ള കാനനപാതയ്ക്ക് സമാനമായ വഴിയിലൂടെയാണ് കുന്നിൻനെറുകയിലെ വെള്ളച്ചാട്ടത്തിലത്തേണ്ടത്. റോഡ് മോശമായതിനാൽ ജീപ്പുകൾക്ക് മാത്രമേ മുകൾ ഭാഗത്തേക്ക് എത്താനാകൂ. എന്നാൽ ഇരുചക്ര വാഹനങ്ങളിലാണ് കൂടുതൽ പേരും ഇവിടെയെത്താറ്. ഓയിൽപാം ഇന്ത്യയുടെ ചിതറ എസ്റ്റേറ്റിനുള്ളിലാണ് കന്യാർകയം വെള്ളച്ചാട്ടം. മടത്തറ, അരിപ്പ ഭാഗത്ത് നിന്നുമുള്ള നീരുറവകളാണ് കന്യാർകയത്തിലെ വെള്ളച്ചാട്ടമായി മാറുന്നത്. ഇവിടെ നിന്ന് ഒഴുകുന്ന വെള്ളം വയലാ ഭാഗമെത്തുമ്പോഴേക്കും നദിയായി രൂപപ്പെട്ട് ഇത്തിക്കരയാറ്റിലാണ് എത്തിച്ചേരുന്നത്.

കണ്ണെത്താ ദൂരത്തെ എണ്ണപ്പനത്തോട്ടം

കടയ്ക്കൽ ചിതറ ഓയിൽപാം എസ്റ്റേറ്റിൽ ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണുള്ളത്. ഇവിടെ കണ്ണെത്താ ദൂരത്തോളം എണ്ണപ്പനത്തോട്ടം വ്യാപിച്ചുകിടക്കുകയാണ്. മൊട്ടക്കുന്നുകളും വെള്ളച്ചാട്ടവുമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. അരിപ്പ, കുളത്തൂപ്പുഴ ഭാഗങ്ങളുൾപ്പെടുന്ന ചിതറ എസ്റ്റേറ്റിൽ പല തരത്തിലുള്ള എണ്ണപ്പനകളാണ് നിറഞ്ഞ് നിൽക്കുന്നത്. ശരാശരി 35 വർഷംവരെയാണ് ഒരു എണ്ണപ്പനയുടെ കാലാവധി. അതിന് ശേഷവും നല്ല വിളവ് കിട്ടുമെങ്കിലും പനയുടെ ഉയരം കൂടുന്നതിനാൽ വിളവെടുപ്പിനും മറ്റും ജോലിക്കൂലി കൂടും. അതുകൊണ്ടുതന്നെ 35 വർഷമെത്തിയ പന വെട്ടിമാറ്റി പുതിയ പ്ളാന്റിംഗ് നടത്തുന്നതാണ് ഇവിടത്തെ രീതി.

5000 ഏക്കർ ഭൂമിയാണ് അരിപ്പ, കുളത്തൂപ്പുഴ ഭാഗങ്ങളുൾപ്പെടുന്ന ചിതറ എസ്റ്റേറ്റിലുള്ളത്

35 വർഷമാണ് ഒരു എണ്ണപ്പനയുടെ കാലാവധി

ഉദയാസ്തമനം

എസ്റ്റേറ്റിലെ കുന്നിൻ മുകളിലെത്തിയാൽ സൂര്യോദയവും അസ്തമനവും കാണാം. കുടുക്കത്ത് പാറയും വനപ്രദേശങ്ങളും ജഡായുപാറയും കോട്ടുക്കൽ ഗുഹാക്ഷേത്രവും ഇവിടുത്തെ കന്യാർകയവുമൊക്കെ ചേരുന്ന ടൂറിസം പദ്ധതിക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്. ചിതറ എസ്റ്റേറ്റിൽത്തന്നെ റിസോർട്ടുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയാൽ സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാകും. ഇതിനുള്ള പ്രോജക്ട് മുൻപ് തയ്യാറാക്കി സർക്കാരിന് നൽകിയെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. റിസോർട്ടുകൾ, ആയുർവേദ ചികിത്സാ സംവിധാനങ്ങൾ എന്നിവ തുടങ്ങുന്നതിനുള്ള സ്ഥല സൗകര്യം വേണ്ടുവോളമുണ്ട്. സർക്കാർ മനസുവച്ചാൽ വലിയ പദ്ധതികൾ ഇവിടെ നടപ്പാക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.

പാറക്കെട്ടുകൾക്കിടയിലൂടെ ചിതറിത്തെറിക്കുന്ന ഇവിടുത്തെ വെള്ളത്തിന് വേറിട്ടൊരു ഭംഗിയുണ്ട്.

ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനിയും അധികൃതർ മനസ്സുവച്ചിട്ടില്ല.