v
എല്ലാവർക്കും കൈകോർക്കാം കൊല്ലത്തെ സേഫാക്കാം...

കൊല്ലം: ജില്ലയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 'സേഫ് കൊല്ലം', 'സേവക് ' എന്നീ പദ്ധതികൾ നടപ്പാക്കുമെന്ന് കളക്ടർ ബി. അബ്ദുൾ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാലിന്യ പ്രശ്നം, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, കുട്ടികളുടെ ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവത്കരണം ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയാണ് 'സേഫ് കൊല്ലം'. പരീക്ഷണാടിസ്ഥാനത്തിൽ ഇതിനോടകം ആരംഭിച്ച പദ്ധതി സെപ്തംബറോടെ പൂർണതോതിലാകും.
സന്നദ്ധ സംഘടന, യൂത്ത് ക്ലബ്, സാംസ്‌കാരിക പ്രവർത്തകർ, എൻ.എസ്.എസ് വോളന്റിയർമാർ, എസ്.പി.സി കേഡറ്റ്, വ്യാപാരി വ്യവസായി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ, എക്‌സൈസ്, പൊലീസ് എന്നിങ്ങനെ ഭിന്ന മേഖലയിലുള്ളവരും പൊതുജനങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തലത്തിൽ ചെറുസമിതികൾ രൂപീകരിക്കും. മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം സമിതികളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനം നടത്തും.

 സേവക്

സാധാരണക്കാർക്കും തൊഴിലന്വേഷകർക്കുമായി നടപ്പാക്കുന്ന പദ്ധതിയാണ് സേവക് (സോഷ്യൽ ആക്ഷൻ വെഞ്ച്വർ അറ്റ് കൊല്ലം). അർഹതയുണ്ടായിട്ടും വിവിധ ആനൂകുല്യങ്ങളിൽ നിന്നും തഴയപ്പെടുന്നവർക്ക് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. സാമ്പത്തിക സഹായം അത്യാവശ്യമായവർക്ക് സന്നദ്ധരായവരുടെ കൈയിൽ നിന്ന് എത്തിക്കും. വിശദമായ അന്വേഷണത്തിനു ശേഷമായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുക. തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കും. 'സേവകിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്താൻ ഓൺലൈൻ പോർട്ടൽ ആരംഭിക്കും

 സേഫ് കൊല്ലം പദ്ധതി ചുരുക്കത്തിൽ

കുടിവെള്ളത്തിന്റെ സംരക്ഷണം സംഭരണം എന്നിവയിൽ ബോധവത്കരണം

ട്രാഫിക് ബോധവത്കരണവും പരിശോധനയും

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമ്മസേന

അജൈവ മാലിന്യം സൂക്ഷിക്കുന്നതിന് എം.സി.എഫുകൾ

.ബ്ലോക്ക് തലത്തിൽ ആർ.ആർ.എഫ് സംവിധാനം

ഭക്ഷണ ശാലകളിൽ സ്ഥിരം പരിശോധന