ശാസ്താംകോട്ട:ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 6ന് ആഞ്ഞിലിമുട് ജംഗ്ഷനിലാണ് സംഭവം.കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരനായ അശോകൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കാറിൽ പെട്രോളിന്റെ ഗന്ധം വന്നതോടെ അശോകൻ ആഞ്ഞിലി മൂടിന് സമീപം വാഹനം നിർത്തി പുറത്തിറങ്ങി. ഞൊടിയിടയിൽ വാഹനത്തിൽ പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ചെയ്തു. സ്ഥലത്തെ വ്യാപാരികളും ആട്ടോ ഡ്രൈവർമാരും തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ കെടുത്തി.കാറിന്റെ മുൻവശം പൂർണ്ണമായി കത്തി നശിച്ചു.