കുണ്ടറ: ഒമാനിൽ ഒരുവർഷം ദുരിത ജീവിതം നയിക്കേണ്ടിവന്ന മുക്കൂട് സ്വദേശിനി യമുന തിരിച്ചെത്തി. മലയാളി സന്നദ്ധ പ്രവർത്തകരാണ് നാട്ടിലേക്ക് തിരിച്ചുവരാൻ തുണയായത്.
ബുധനാഴ്ച വൈകിട്ട് വിമാനമിറങ്ങിയ യമുന രാത്രിയോടെ വീട്ടിലെത്തി. മാസം ഇരുപതിനായിരം രൂപ ശമ്പളം വാഗ്ദാനം നൽകി യമുനയുടെ ഭർത്താവ് രാജേന്ദ്രന്റെ ബന്ധുവാണ് മലപ്പുറം സ്വദേശിയായ ഏജന്റ് വഴി വീട്ടുജോലിക്കായി ഒമാനിലെത്തിച്ചത്. മൂത്തമകളുടെ വിവാഹം നടത്തുന്നതിന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനാണ് യമുന വിദേശത്തേക്ക് പോയത്. ദുബായിൽ ജോലിക്കായി കൊണ്ടുപോയ യമുനയെ മറ്റൊരു ഏജന്റുവഴി ഒമാനിലേക്ക് എത്തിക്കുകയായിരുന്നു. ഒരുമാസം ജോലിയും ഭക്ഷണവുമില്ലാതെ കഴിച്ചുകൂട്ടി. പിന്നീട് രണ്ടുമാസം ഒരുവീട്ടിൽ ജോലിനോക്കിയെങ്കിലും തുഛമായ ശമ്പളമാണ് ലഭിച്ചത്. ഒടുവിൽ ഏജൻസി ഓഫീസിൽ കൃത്യമായ ഭക്ഷണവും കുടിവെള്ളവുമില്ലാതെ മാസങ്ങൾ കഴിച്ചുകൂട്ടുകയായിരുന്നു.
തിങ്കളാഴ്ച ശ്രീലങ്കൻ യുവതിയെ രക്ഷിക്കാനായെത്തിയ മൂന്ന് മലയാളികളാണ് തന്നെയും രക്ഷപ്പെടുത്തിയതെന്ന് യമുന പറഞ്ഞു. ഒരുമാസത്തെ ശമ്പളത്തോടൊപ്പം ലഭിച്ച രസീത് യമുന ഇവർക്കുനൽകി. ഇതിൽനിന്ന് അറബിയുടെ വിവരങ്ങൾ ശേഖരിച്ച മലയാളികൾ അറബിയെ സമീപിച്ചു. ഇവരുടെ അഭ്യർത്ഥന മാനിച്ച അറബി ഏജന്റിന് നൽകിയ രണ്ടുലക്ഷം രൂപ ഉപേക്ഷിക്കാൻ തയ്യാറായി. യമുനയുടെ പാസ്‌പോർട്ടും രേഖകളും യമുനയ്ക്ക് നൽകാനുണ്ടായിരുന്ന ഒരുമാസത്തെ ശമ്പളവും മൊബൈൽ ഫോണും അറബി മലയാളികൾക്ക് കൈമാറി. ചൊവ്വാഴ്ചതന്നെ ആവശ്യമായ രേഖകൾ തയ്യാറാക്കി ബുധനാഴ്ച വിമാന ടിക്കറ്റുമെടുത്ത് യമുനയെ നാട്ടിലേക്ക് യാത്രയാക്കി. വൈകിട്ട് 4.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യമുനയെ ബന്ധുക്കൾ രാത്രി 7.45ഓടെ വീട്ടിലെത്തിച്ചു.മാസങ്ങൾക്ക് മുൻപ് സമാനമായ ദുർഗ്ഗതി നേരിട്ട മുക്കൂട് സ്വദേശിയായ സുനിതയ്ക്കും മലയാളികളുടെ ഇടപെടലിൽ നാട്ടിലെത്താനായിരുന്നു.