railway

കൊല്ലം: ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ചിട്ടും പൂർണതോതിൽ പ്രവർത്തസജ്ജമാകാത്ത കൊല്ലം റെയിൽവേ സ്റ്രേഷൻ രണ്ടാം കവാടവും പരിസരവും ഇന്ന് കാലികളുടെ താവളം. മുമ്പ് പ്രവേശന കവാടത്തിന് മുന്നിൽ തമ്പടിച്ചിരുന്ന കാലികൾ ഇപ്പോൾ ടിക്കറ്റ് കൗണ്ടറിന് സമീപത്തുൾപ്പെടെ കറങ്ങിനടക്കുകയാണ്.

രണ്ടാം കവാടത്തിലൂടെ അകത്തേക്ക് കടക്കുന്ന ഭാഗത്ത് വലതുവശത്തായി കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ മേയാൻ എത്തുന്നതാണ് കാലികൾ. പരിസരത്താകെ കാലികളുടെ ചാണകം നിറഞ്ഞതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വളരെയധികം പ്രതീക്ഷയോടെ നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഷൻ പരിസരം കാലികൾ മേച്ചിൽപ്പുറമാക്കിയത് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ സംസാര വിഷയമായിരിക്കുകയാണ്.

സ്വാതന്ത്ര്യത്തോടെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഇവ ചുറ്റിക്കറങ്ങുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്. കവാടത്തിന് മുന്നിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങളിൽ വരുന്നവർക്കും കയറാനും ഇറങ്ങാനും ഇവ തടസമാകുന്നുമുണ്ട്. വലിയ പശുക്കളായതിനാൽ ആക്രമിക്കുമെന്ന ഭയത്തിൽ പലരും പേടിച്ച് മാറിനടക്കുകയാണ് ചെയ്യുന്നത്. കൂടാതെ കവാടത്തിന് മുന്നിലൂടെ കൊട്ടാരക്കര റൂട്ടിലേക്കുള്ള റോഡിൽ ഇവ കൂട്ടമായി നിൽക്കുന്നത് ഗതാഗത തടസത്തിനും ഇടയാക്കുന്നുണ്ട്.

 പ്രതീക്ഷകളേറെ, ദുരിതങ്ങളും

കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്‌തതോടെ വാഹന പാർക്കിംഗ് ഉൾപ്പെടെ സൗകര്യങ്ങൾ വർദ്ധിച്ചു. ഇതോടെ കൊട്ടാരക്കര ഭാഗത്ത് നിന്നെത്തുന്നവർക്ക് പാർക്കിംഗിനായി കൂടുതൽ സ്ഥലവും ലഭിച്ചു.

കവാടത്തിനകത്തും പുറത്തുമായി ഓട്ടോ സ്‌റ്റാന്റ് ഉൾപ്പെടെ യാത്രക്കാരുടെ സൗകര്യത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ പ്രീപെയ്‌ഡ് കൗണ്ടറുകളും തുറക്കുമെന്ന പ്രതീക്ഷയിലാണ് പലരും. ഇതിനിടെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നത്. മുമ്പ് ആശ്രാമം പരിസരത്ത് നാൽക്കാലികളെ മേയാൻ വിട്ടിരുന്നത് ഗതാഗത കുരുക്കും അപകടങ്ങളും സൃഷ്ടിച്ചിരുന്നു.

 പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ കാലികളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും.

റെയിൽവെ സ്‌റ്റേഷൻ മാനേജർ