c
അനൂപ് ജേക്കബ്

പി.എസ്.സി ഇന്റർവ്യൂ ബോർഡിലുള്ള അംഗങ്ങളുടെ ഫോൺ രേഖകളും പരിശോധിക്കണം.

കൊല്ലം: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനെ മാറ്റിനിറുത്തി സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളകോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാർത്ഥ വസ്‌തുത പുറത്ത് വരില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഇല്ലാത്ത അന്വേഷണമാണ് വേണ്ടത്. പി.എസ്.സിയുടെ വിശ്വാസ്യതയെ തകർക്കുന്നത് സർക്കാർ തന്നെയാണ്. പി.എസ്.സി ഇന്റർവ്യൂ ബോർഡിലുള്ള അംഗങ്ങളുടെ ഫോൺ രേഖകളും പരിശോധിക്കണം.

ശ്രീറാം വെങ്കിട്ടരാമന്റെ കേസിൽ പൊലീസ് ഇടപെടലിന്റെ അഭാവം ഉണ്ടായി. തെറ്റ് ചെയ്‌താൽ ഏത് ഉന്നതനായാലും സംരക്ഷണം ലഭിക്കില്ലെന്ന സർക്കാർ നിലപാട് പ്രഹസനമാണ്. മൂന്നാറിൽ ശ്രീറാം ചെയ്തത് അദ്ദേഹത്തിന്റെ ജോലിയാണ്. അതിനെ ആവശ്യത്തിലധികം വാഴ്ത്തേണ്ടതില്ല. ഉദ്യോഗസ്ഥർ ജോലി ചെയ്‌തിട്ട് അതിന് ആവശ്യത്തിലധികം പ്രചാരണം നൽകാൻ ശ്രമിക്കുകയാണിപ്പോൾ. മാണി ഗ്രൂപ്പിലെ തർക്കത്തിൽ പക്ഷം പിടിക്കാനില്ല. അവർക്കിടയിലെ തർക്കം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സാധ്യതകളെ ബാധിക്കില്ല. കാർഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കില്ല. കാർഷിക വായ്‌പകൾ എഴുതി തള്ളുകയാണ് വേണ്ടത്. പ്രളയബാധിതരെയെങ്കിലും പ്രളയ സെസിൽ നിന്ന് സർക്കാർ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അനൂപ് ജേക്കബ് പറഞ്ഞു.

പാർട്ടി വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ സി.മോഹനൻപിള്ള, എഴുകോൺ സത്യൻ, ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.