ashtamudi

പദ്ധതി ഇങ്ങനെ....

അനുവദിച്ച തുക 1.90 കോടി

 തീരത്ത് 20000 കണ്ടൽച്ചെടികൾ

 2.6 ലക്ഷം ചെലവിൽ മത്സ്യസംരക്ഷിത മേഖല

10 ഹെക്ടറിൽ പദ്ധതി നടപ്പാക്കും

 1.5 ലക്ഷം ചെലവിൽ പൂവാലൻ കക്ക സംരക്ഷിത മേഖല

10 ഹെക്ടറിൽ പദ്ധതി നടപ്പാക്കും

കൊല്ലം: അഷ്ടമുടി കായലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കരിമീൻ, പൂമീൻ, പൂവാലൻ കക്ക അടക്കമുള്ള ഇനങ്ങളുടെ പ്രജനനം വർദ്ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനൊപ്പം സ്ഥിരമായി പരിപാലിക്കുന്നതുമാണ് പദ്ധതി. മത്സ്യ സമ്പത്തിലെ വർദ്ധനവിലൂടെ കായലിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യവുമുണ്ട്.

രണ്ട് ഹെക്ടർ വീതമുള്ള അഞ്ച് സംരക്ഷിത മേഖലകളൊരുക്കി കരീമീൻ, പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇവയ്ക്ക് ആവശ്യമായ തീറ്റയും സ്ഥിരമായി നൽകും. നിശ്ചിത കാലത്തിന് ശേഷം വളർച്ചയെത്തിയ മത്സ്യങ്ങളെ വലകൾ തുറന്ന് കായലിലേക്ക് വിടും. കായലിൽ നിന്ന് ലഭിക്കുന്ന അപൂർവയിനം പൂവാലൻ കക്കയേയും സമാനമായ രീതിയിൽ പരിപാലിക്കും. നീണ്ടകര പാലത്തിനോട് ചേർന്നുള്ള കായൽ പ്രദേശത്താണ് പൂവാലൻ കക്ക കൂടുതലായി കണ്ടുവരുന്നത്. ഈ മേഖലയെ നിലവിൽ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. ആദ്യ മൂന്ന് സോണുകളിൽ നിന്ന് നിലവിൽ കാര്യമായി കക്ക ലഭിക്കുന്നുണ്ട്.

കുറവുള്ള നാലും അഞ്ചും സോണുകളെ രണ്ട് ഹെക്ടർ വീതമുള്ള അഞ്ച് സംരക്ഷിത കേന്ദ്രങ്ങളാക്കി പൂവാലൻ കക്കയുടെ വിത്ത് നിക്ഷേപിച്ച് വളർത്തും.

മത്സ്യങ്ങൾക്ക് പ്രജനനത്തിനുള്ള സാഹചര്യമൊരുക്കാൻ കായൽ തീരത്തെ പത്ത് കേന്ദ്രങ്ങളിൽ ഒരു കിലോമീറ്റർ നീളത്തിൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കും. ചെറിയ കണ്ണികൾ ഉപയോഗിച്ച ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ഗിൽനെറ്റ് വലകൾ നൽകും.

മത്സ്യമേഖലയിലെ സഹകരണ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കായലിൽ മാലിന്യം തള്ളുന്നത് തടയാൻ രാത്രികാലങ്ങളിൽ പട്രോളിംഗും ശക്തമാക്കും. പദ്ധതി ആരംഭിക്കുന്നതിന് മുൻപ് തീരം പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കായലിലെ മാലിന്യം നീക്കും.

 പാഷ്യ മലബാറിക്കയ്ക്ക് ദേശീയ അംഗീകാരം

അഷ്ടമുടി കായലിലെ പാഷ്യ മലബാറിക്കയ്ക്ക് (പൂവാലൻ കക്കയ്ക്ക് ) മികച്ച ഗുണനിലവാരത്തിനുള്ള മറൈൻ സ്റ്രുവേർഡ്ഷിപ്പ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ഈ ആംഗീകാരം അന്തർദേശീയ വിപണിയിൽ പൂവാലൻ കക്കയുടെ വിലയും ഡിമാൻഡും വർദ്ധിക്കാൻ സഹായകരമാകും.

'' കരിമീൻ അടക്കമുള്ള മത്സ്യങ്ങൾക്ക് പുറമേ പൂവാലൻ കക്കയുടെ സംരക്ഷണത്തിനും പദ്ധതി ഏറെ പ്രയോജനം ചെയ്യും. കണ്ടൽ വച്ചുപിടിപ്പിക്കുന്നതിലൂടെ കൈയേറ്റത്തെയും മാലിന്യം വലിച്ചെറിയുന്നതിനെയും ഒരുപരിധി വരെ തടയാനാകും. കണ്ടൽ മത്സ്യങ്ങളുടെ പ്രജനനത്തിനുമുള്ള അനുകൂല സാഹചര്യമാണ് ''

എസ്. അനിത(ഫിഷറീസ് അസി. ഡയറക്ടർ)