പുനലൂർ: കാർഷിക മേഖലയായ വിളക്കുവെട്ടത്തിന് സമീപത്തെ പത്തുപറയിൽ നാട്ടുകാർ പണിത കാത്തിരിപ്പ് കേന്ദ്രം നശിച്ചു. ഇവിടെ ബസ് കയറാനെത്തുന്ന യാത്രക്കാർ മഴ നനഞ്ഞു വലയുകയാണ്. പത്തുപറ, ചാലിയക്കര, അമ്പലംകുന്ന്, വിളക്കുവെട്ടം തുടങ്ങിയ കാർഷിക മേഖലകളിൽ നിന്ന് പുനലൂർ ടൗണിലേക്ക് ബസ് കയറാനെത്തുന്ന യാത്രക്കാരും കർഷകരുമാണ് കാത്തിരിപ്പ് കേന്ദ്രം നശിച്ചതോടെ ബുദ്ധിമുട്ടിലായത്. പത്ത് വർഷം മുമ്പ് നാട്ടുകാരുടെ ശ്രമഫലമായാണ് പത്തുപറയിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം പണിതത്. മരക്കഷ്ണങ്ങൾ കൊണ്ട് കെട്ടി ഉയർത്തിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര ഓലയും ഷീറ്റും ഉപയോഗിച്ചാണ് മേഞ്ഞിരുന്നത്. സ്ഥലം എം.പി, എം.എൽ.എ അടക്കമുള്ളവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കവലകൾ തോറും കാത്തിരിപ്പ് കേന്ദ്രം പണിയുന്നുണ്ടെങ്കിലും പത്തുപറയിലെ മലയോരവാസികളെ അപ്പാടെ അവഗണിച്ചിരിക്കുകയാണ്.
10 വർഷം മുമ്പാണ് പത്തുപറയിൽ താൽക്കാലിക വെയിറ്റിംഗ് ഷെഡ് പണിതത്
5ലക്ഷം രൂപയിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം
സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കാത്തിരിപ്പ് കേന്ദ്രം പണിയും. ഇതിൻെറ എസ്റ്റിമേറ്റ് ഉടൻ എടുക്കും. തുടർന്ന് നിർമ്മാണം ആരംഭിക്കും.
വാർഡ് കൗൺസിലർ സന്തോഷ് ജി. നാഥ്
കാലപ്പഴക്കവും മഴയും
കാലപ്പഴക്കവും രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയും കാരണമാണ് കാത്തിരിപ്പ് കേന്ദ്രം നശിച്ചത്. സമീപത്തെ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ലക്ഷങ്ങൾ ചെലവഴിച്ച് നിരവധി കാത്തിരിപ്പുകേന്ദ്രങ്ങൾ പണിതിട്ടും പത്തുപറയിലെ കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.