കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും താലൂക്ക് ആശുപത്രി ഗ്രൗണ്ടിലും സ്ഥാപിച്ച ഇ - ടോയ്ലെറ്റുകളിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിലാണ് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ വരുന്നത്. ആലപ്പുഴ പാർലമെന്റിനെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.പി കെ.സി. വേണുഗോപാലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇ-ടോയ്ലെറ്റുകൾ സ്ഥാപിച്ചത്. 4 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇ - ടോയ്ലെറ്റുകൾ ഏതാനും ദിവസങ്ങൾക്കകം തന്നെ പ്രവർത്തന രഹിതമായിരുന്നു. താലൂക്ക് ആശുപത്രിയിലും മിനി സിവിൽ സ്റ്റേഷനിലും വരുന്ന സ്ത്രീകളുൾപ്പടെയുള്ളവർക്ക് വേണ്ടിയാണ് ഇ - ടോയ്ലെറ്റുകൾ സ്ഥാപിച്ചത്.
ഇ-ടൊയ്ലെറ്റുകളുടെ നിർമ്മാണ ചെലവ്: 10 ലക്ഷം
ഇ-ടോയ്ലെറ്റുകൾ സ്ഥാപിച്ചത് 4 വർഷം മുമ്പ്
1 രൂപ മുടക്കി കാര്യം സാധിക്കാം
ഇ - ടോയ്ലെറ്റിനോട് ചേർന്നുള്ള കൗണ്ടറിൽ ഒരു രൂപാ നാണയം നിക്ഷേപിക്കുന്നതോടെ ടൊയ്ലെറ്റുകളുടെ വാതിൽ തുറക്കപ്പെടും. ആള് അകത്ത് പ്രവേശിച്ചാൽ വാതിൽ അടയും. ആവശ്യം കഴിഞ്ഞാൽ വാതിൽ വീണ്ടും തുറക്കപ്പെടും. ഇത്തരത്തിൽ ആധുനിക സൗകര്യങ്ങളുണ്ടായിരുന്നെങ്കിലും ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇ ടൊയ്ലെറ്റുകൾ പ്രവർത്തന രഹിതമാവുകയായിരുന്നു.
അറ്റുകുറ്റപ്പണിക്ക് വേണ്ടത്
10 ലക്ഷം: നഗരസഭ പിന്മാറി
ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം സംരംഭങ്ങളുടെ നടത്തിപ്പവകാശം സ്വാഭാവികമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. പ്രവർത്തന രഹിതമായ ഇ - ടോയ്ലെറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിന് മുനിസിപ്പാലിറ്റി ടെന്റർ വിളിച്ചിരുന്നു. എന്നാൽ ഇ - ടോയ്ലെറ്റിൽ അറ്റുകുറ്റപ്പണി നടത്താൻ 10 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് കരാറുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭ പിന്മാറുകയായിരുന്നു.
ഒറ്റയാൻ സമരം
പ്രവർത്തന രഹിതമായ ഇ - ടോയ്ലെറ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. അജയകുമാർ വാഴപ്പള്ളി താലൂക്ക് ഓഫീസിന് സമീപം ഇന്നലെ ഒറ്റയാൻ സമരം നടത്തിയിരുന്നു.
പാമ്പുണ്ട്, സൂക്ഷിക്കുക
രണ്ട് ഇ- ടോയ്ലെറ്റുകളും ഉപയോഗശൂന്യമായതോടെ ജനങ്ങൾ ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. ഇതോടെ ടോയ്ലെറ്റുകൾ പൂർണമായും പുൽക്കാടുകളാൽ മൂടപ്പെട്ടു. തുടർന്ന് ഇ - ടോയ്ലെറ്റുകളുടെ ഉൾഭാഗം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിക്ക് സമീപമാണ് ഒരു ടോയ്ലെറ്റ് സ്ഥാപിച്ചിട്ടുള്ളത്. പലപ്പോഴും വിവിധ ആവശ്യങ്ങൾക്കായി കോടതിയിലെത്തുന്നവരാണ് ഇഴജന്തുക്കളെ അടിച്ച് കൊല്ലുന്നത്.