കൊല്ലം : ചികിത്സാ പദ്ധതിയായ ആയുഷ്‌മാൻ ഭാരതും എല്ലാവർക്കും വീട് നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജനയും ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുന്നുവെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുറ്റപ്പെടുത്തി. ബി.ജെ.പി അംഗത്വവിതരണ കാമ്പെയിൻ ദേശീയ കൺവീനറായ ചൗഹാൻ ജില്ലയിലെ സജീവ അംഗങ്ങളുടെ യോഗവും സുഷമാ സ്വരാജ് അനുസ്‌മരണവും കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേന്ദ്ര പദ്ധതികളുടെ തുക സംസ്ഥാനം വകമാറ്റുകയാണ്. അക്രമവും ദുർഭരണവുമാണ് സി.പി.എമ്മിനെ ഇല്ലാതാക്കുന്നത്. ത്രിപുരയിൽ സംഭവിച്ചത് അതാണ്. ശബരിമലയെ തകർക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചത്. നാടിനെ തകർക്കാൻ പിണറായി ശ്രമിച്ചാൽ നാട് അദ്ദേഹത്തിനൊപ്പം നിൽക്കില്ല.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുകയാണ് ലക്ഷ്യം. ത്രിപുരയും അസാമും നേടിയ ബി.ജെ.പിയ്‌ക്ക് അത് അസാധ്യമല്ല. അഴിമതിയുടെ കൂട്ടുകൃഷി നടത്തുന്ന എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ ഇല്ലാതാകും. ' ഞാൻ കുറെ വിഴുങ്ങാം, പിന്നെ നീ വിഴുങ്ങൂ' എന്ന മട്ടിലാണ് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രവർത്തിക്കുന്നത്.
കപ്പിത്താൻ നഷ്‌ടപ്പെട്ട കപ്പൽപോലെയാണ് കോൺഗ്രസ്. മുങ്ങുന്ന കപ്പലിൽ നിന്ന് അവസാനം രക്ഷപ്പെടുന്ന ആളാണ് കപ്പിത്താൻ. പക്ഷേ, കോൺഗ്രസ് മുങ്ങി തുടങ്ങിയപ്പോൾ ആദ്യം രക്ഷപ്പെട്ടത് കപ്പിത്താനാണ്. തിരഞ്ഞെടുപ്പ് പരാജയത്തോടെ സമനില തെറ്റിയെന്ന് തെളിയിക്കുന്നതാണ് കശ്‌മീർ വിഷയത്തിലെ കോൺഗ്രസ് നിലപാട്. സുഷമാ സ്വരാജ് ചെയ്‌ത നല്ല കാര്യങ്ങൾ എക്കാലവും നമ്മോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ്, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.പി.ശ്രീശൻ, സെക്രട്ടറിമാരായ സി.ശിവൻകുട്ടി, രാജി പ്രസാദ്, ട്രഷറർ എം.എസ്.ശ്യാംകുമാർ, പട്ടികജാതി മോർച്ച പ്രസിഡന്റ് പി.സുധീർ തുടങ്ങിയവർ പങ്കെടുത്തു.
കശുഅണ്ടി വ്യവസായത്തെ
കേന്ദ്ര സർക്കാർ സംരക്ഷിക്കും
കൊല്ലം: ജില്ലയുടെ സാമ്പത്തിക സ്രോതസായ കശുഅണ്ടി വ്യവസായത്തെ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ. അടഞ്ഞ് കിടക്കുന്ന കശുഅണ്ടി ഫാക്ടറികളെല്ലാം തുറന്ന് പ്രവർത്തിപ്പിച്ച് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കും. ഫാക്ടറികളെല്ലാം അടഞ്ഞതോടെ വ്യവസായം പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തും. കശുഅണ്ടി വ്യവസായത്തെ തകർത്തത് ഇടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്രാമത്ത് പേരമരം നട്ട് ചൗഹാൻ
ആശ്രാമം മൈതാനത്ത് ശിവരാജ് സിംഗ് ചൗഹാൻ പേര മരം നട്ട ശേഷമാണ് സമ്മേളനത്തിനെത്തിയത്. ബി.ജെ.പി സംസ്ഥാന നേതാക്കളും ആശ്രാമം മൈതാനത്ത് ഫലവൃക്ഷ തൈകൾ നട്ടു.