പുത്തൂർ: എസ്.എൻ പുരം വെട്ടിക്കുഴി പാലം അപകടാവസ്ഥയിലായത് നാട്ടുകാരെ വലയ്ക്കുന്നു. പാലത്തിന്റെയും തോടിന്റെയും ഇരുവശങ്ങളും വൻ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ് പ്രദേശവാസികളിൾ ഭീതി പടർത്തുന്നത്. ചെറിയ മഴ പെയ്താൽ പൊലും പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെടും. ദിവസങ്ങൾ കഴിഞ്ഞാലും ഈ വെള്ളക്കെട്ടിന് മാറ്റമുണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള എല്ലാ മാർഗങ്ങളും മണ്ണ് മൂടി തടസപ്പെട്ട് കിടക്കുകയാണ്. പാലം തകർന്നാൽ യാത്രക്കാർ വലിയ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
പാലം സ്ഥിതി ചെയ്യുന്നത് പ്രധാന റോഡിൽ
എസ്.എൻ പുരം - കാരിക്കൽ - പുത്തൂർ ചെറുമങ്ങാട് -പഴയ ചിറ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. റോഡ് തകർന്നതിനാൽ ഇവിടെ അപകടങ്ങളുണ്ടാകുന്നത് പതിവാണ്. നിരവധി കശുഅണ്ടി തൊഴിലാളികളും കർഷകത്തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണിത്.