കുണ്ടറ: കേരളപുരം സെന്റ് വിൻസെന്റ് ഐ.സി.എസ്.സി സ്‌കൂൾ ഓഫീസ് കുത്തിത്തുറന്ന് അഞ്ചുലക്ഷത്തി അറുപതിനായിരം രൂപ കവർന്നു.സ്‌കൂൾ വൈസ് പ്രിൻസിപ്പിലിന്റെ മുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തി അമ്പത്തയ്യായിരം രൂപയും. പ്രിൻസിപ്പലിന്റെ റൂമിലെ കബോർഡിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്ന അയ്യായിരം രൂപയുമാണ് കവർന്നത്. വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീ ഇനത്തിൽ മൂന്നുദിവസമായി ശേഖരിച്ചതാണ് അഞ്ചര ലക്ഷം രൂപ. അന്നന്ന് ബാങ്കിൽ നിക്ഷേപിക്കാറാണ് പതിവ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മൂന്നുദിവസത്തെ പണം സ്കൂളിൽ സൂക്ഷിക്കേണ്ടിവന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. രാവിലെ ആറുമണിയോടെ സ്കൂൾ അറ്റൻഡർ വിജയൻ ഗേറ്റ് തുറക്കാൻ എത്തിയപ്പോഴാണ് ഓഫീസിന്റെയും പ്രിൻസിപ്പലിന്റെയും മുറികൾ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പ്രിൻസിപ്പൽ ഫാദർ ജോജിയെ ഉടൻ വിവരം അറിയിച്ചു.ഓഫീസിന്റെ വെന്റിലേഷനും വാതിലും, പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും മുറികളുടെ വാതിലുകളും പൊളിച്ച നിലയിലാണ്. റൂമുകളിലെ എല്ലാ ബോർഡുകളും കുത്തി തുറന്നിട്ടുണ്ട്.സ്കൂളിൽ രാത്രിയിൽ വാച്ച്മാൻ ഇല്ല. സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള നാല് പുരോഹിതരും അതിനോട് ചേർന്നുള്ള മുറിയിൽ സ്കൂൾ അറ്റൻഡർ വിജയനും മാത്രമാണ് രാത്രിയിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി ശക്തമായ മഴയെ തുടർന്ന് പല തവണ കറണ്ടും പോയിരുന്നു. എന്തെങ്കിലുംശബ്ദം കേട്ടില്ലെന്നാണ് ഇവർ പറയുന്നത്. സ്കൂളിലും പരിസരത്തുമായി 30 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മോഷ്ടാക്കൾ വന്ന വഴിയിലെ ക്യാമറകൾ എല്ലാം ദിശതിരിച്ചു വയ്ക്കുകയും പ്രിൻസിപ്പലിന്റെ മുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും 2 ഹാർഡിസ് ക്കുകളും അപഹരിക്കുകയും ചെയ്തു. അതിനാൽ സി.സി.ടി.വിയിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. സി.സി.ടി.വിയുടെ ഡി.വി.ആറും മോഡവും സമീപത്തെ പുരയിടത്തിൽനിന്ന് പൊലീസിനു ലഭിച്ചു.ഡി.വൈ.എസ്.പി നാസറുദിൻ,കുണ്ടറ സി.ഐ ആർ.എസ്.ബിജു, എസ്.ഐ വിദ്യാധിരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫാേറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌കോഡും പരിശോധന നടത്തി.