കൊല്ലം: കൊല്ലം ഗവ.ഗേൾസ് എച്ച്.എസിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലിനിക്കിന് സ്‌കൂൾ വളപ്പിൽ കൂടുതൽ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കാൻ ജില്ലാ കളക്‌ടർ ബി.അബ്‌ദുൽനാസറിന്റെ നിർദേശം. ഇന്നലെ ഓട്ടിസം ക്ലിനിക്ക് സന്ദർശിച്ച് അസൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് നിർദേശം നൽകിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, സ്‌കൂൾ പ്രഥമ അദ്ധ്യാപിക എന്നിവർക്കാണ് കളക്‌ടർ നിർദേശം നൽകിയത്. ഗവ.ഗേൾസ് എച്ച്.എസിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലിനിക്കിൽ 60 കുട്ടികളുണ്ട്.
ഓട്ടിസം ക്ലിനിക്കിനെ ഗവ.ഗേൾസ് എച്ച്.എസ് വളപ്പിൽ നിന്ന് പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ നിരന്തരം ശ്രമിക്കുന്നതിനിടെയാണ് കളക്ടറുടെ ഇടപെടൽ. ഓട്ടിസം ക്ലിനിക്കിനെ സ്‌കൂളിൽ നിന്ന് പുറത്താക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന നീക്കങ്ങളെ കുറിച്ച് കേരളകൗമുദി നിരന്തരം പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്ന് മുൻപ് നഗരസഭയും വിഷയത്തിൽ ഇടപെട്ടിരുന്നു. സ്‌കൂൾ വളപ്പിൽ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ഓട്ടിസം ക്ലിനിക്ക് മാറ്റി പ്രവർത്തിപ്പിക്കാനായിരുന്നു നഗരസഭയുടെ നിർദേശം. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാറും അംഗങ്ങളും സ്‌കൂളിലെത്തി അസൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് വിഷയത്തിൽ ഇടപെട്ടത്.
മുളങ്കാടകത്ത് കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയ ശേഷം കുട്ടികളെ അവിടേക്ക് മാറ്റുന്നത് പരിഗണിക്കാമെന്ന് കളക്ടർ പറഞ്ഞു.