കൊല്ലം: ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളെ പ്രതിജ്ഞയെടുപ്പിച്ച് യുവ മജീഷ്യൻ അശ്വിൻ പരവൂരിന്റെ മായാജാല പ്രകടനം. ലഹരിവിരുദ്ധ മാജിക് ഷോ 'മിഴി നനയരുതേ സീസൺ 2'വിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലായിരുന്നു അശ്വിന്റെ പ്രകടനം.
അച്ഛനമ്മമാർ അരുമയായി വളർത്തിയ മനു എന്ന കുട്ടി ലഹരിക്ക് അടിമപ്പെട്ടപ്പോൾ സംഭവിച്ച ദുരന്തങ്ങളും പിന്നീട് അവൻ ജീവിതത്തിലേക്ക് മടങ്ങിവരുന്നതും പ്രമേയമാക്കിയായിരുന്നു പ്രകടനം. കുട്ടിക്കാലത്ത് ചിത്രശലഭങ്ങളോടൊപ്പം കളിച്ചുനടന്ന മനു കൂട്ടുകെട്ടിൽപ്പെട്ടാണ് ലഹരിക്ക് അടിമപ്പെട്ടത്. പനിനീർ പൂവായിരുന്ന അവന്റെ ഹൃദയം കരിഞ്ഞുണങ്ങിയതും സിഗരറ്റും മദ്യവും അവന്റെ ശരീരത്തിൽ തുളകൾ സൃഷ്ടിച്ചതും മാജിക്കിലൂടെ അവതരിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ അമ്പരന്നു. ഒടുവിൽ ലഹരി മോചന കേന്ദ്രത്തിൽ ദീർഘകാലം കഴിഞ്ഞ മനു രാജ്യമാണ് എന്റെ ലഹരിയെന്ന് പ്രതിജ്ഞയെടുത്തപ്പോൾ വിദ്യാർത്ഥികളത് ഏറ്റുചൊല്ലി.
സിഗരറ്റ് ചാരത്തെ പെട്ടിയിൽ നിക്ഷേപിച്ച് വെള്ളരി പ്രാവാക്കുന്ന മാജിക് അവതരിപ്പിച്ചാണ് കളക്ടർ ബി. അബ്ദുൾ നാസർ പ്രദർശനം ഉദ്ഘാടനം ചെയ്തത്. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ സംസാരിച്ചു. പ്രിൻസിപ്പൽ എസ്. നിഷ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എൻ.എസ്. ദേവനാഥ് നന്ദിയും പറഞ്ഞു.
സംഗീതം, അഭിനയം, മാജിക് എന്നിവയുടെ സംയോജനമായ 'മിഴി നനയരുതേ -2' കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അവതരിപ്പിക്കും. ആദ്യ സീസണിൽ 2000 വേദികളിൽ അശ്വിൻ ലഹരിവിരുദ്ധ മാജിക് അവതരിപ്പിച്ചിരുന്നു.