c
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ തകർന്ന് വീടുകൾക്ക് മുകളിലേക്ക് വീണ നിലയിൽ

വൻമരങ്ങൾ കടപുഴകി വീണു, പലയിടത്തും വൈദ്യുതി മുടങ്ങി

കൊല്ലം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴയും ശക്തമായ കാറ്റും വ്യാപക നാശം വിതച്ചു. ശക്തമായ കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മരങ്ങളും കൂറ്റൻ പരസ്യ ബോർഡുകളും നിലം പതിച്ചു. ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റിൽ കൊല്ലം ചിന്നക്കടയിലും പരിസരങ്ങളിലും പരസ്യ ബോർഡുകൾ ഇലക്ട്രിക് കമ്പികൾക്ക് മുകളിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ബെൻസിഗർ ആശുപത്രിക്ക് സമീപത്തെ റേഡിയേറ്റർ വർക്സ് കടയുടെ ഓടിട്ട മേൽക്കൂര കാറ്റിൽ തകർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വൈദ്യുത കമ്പികൾക്ക് മുകളിലേക്ക് വീണ് തുടരെ വൈദ്യുത തടസം നേരിടുകയാണ്. കാറ്റും വൈദ്യുതി തടസവും ജനജീവിതത്തെ സാരമായി ബാധിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. തിരമാലകൾ മൂന്ന് മുതൽ മൂന്നര മീറ്റർ വരെ ഉയരത്തിലെത്തും.

ഏത് തരത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലയുടെ ദുരന്ത നിവാരണ സംവിധാനം സജ്ജമാണെന്ന് കളക്‌ടർ ബി.അബ്‌ദുൽനാസർ അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിപ്പിക്കേണ്ട സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി. വടക്കൻ ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ മഴയുടെ ശക്തി കുറവാണ്.

 വൈദ്യുതി തകരാറുകൾ അറിയിക്കണം

കാറ്റിൽ വൈദ്യുതി കമ്പികളും തൂണുകളും നിരന്തരം ഒടിഞ്ഞ് വീഴുന്നുണ്ട്. തകരാറുകൾ സമയബന്ധിതമായി കെ.എസ്.ഇ.ബിയെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. വൈദ്യുതി കമ്പികൾ പൊട്ടി വീണ് കിടന്നാൽ അവയിൽ സ്‌പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

1- വൈദ്യുതി തടസമുണ്ടായാൽ 1912 ടോൾഫ്രീ നമ്പരിൽ അറിയിക്കണം

2- വൈദ്യുതി കമ്പികൾ പൊട്ടി വീഴൽ/ അപകട സാധ്യത : 94960 10101, 94960 01912 (വാട്ട്സ് ആപ്പ്)

....................

ഇന്നലത്തെ മഴയുടെ കണക്ക്

ആര്യങ്കാവ് : 78 മില്ലിമീറ്റർ

കൊല്ലം: 50 മില്ലിമീറ്റർ

പുനലൂർ : 66.6 മില്ലിമീറ്റർ

......................

തെന്മല ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 102.7 മീറ്റർ

 ഡാമിന്റെ സംഭരണ ശേഷി 115.82 മീറ്റർ