ഓയൂർ: വാപ്പാല വാളിയോട് റോഡിൽ വാപ്പാലയ്ക്കും കോണത്ത് മുക്കിനുമിടയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിലും ഓട്ടോറിക്ഷയിലെത്തിച്ച മാലിന്യം ഇവിടെ തള്ളാൻ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. മാലിന്യം ഉടനടി നീക്കം ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നമ്പരടക്കം പൂയപ്പള്ളി പൊലീസിലും വെളിയം പഞ്ചായത്ത് ഓഫീസിലും പരാതി നൽകി.