കൊല്ലം: കൂട്ടിക്കടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റെയിൽവേ ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥല പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഡി. സാജൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ ശോഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൂട്ടിക്കട ജംഗ്ഷനിലേക്ക് വന്നുചേരുന്ന നാല് റോഡുകളും പരിശോധിച്ച ഉദ്യോഗസ്ഥ സംഘം ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച് ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടു. പ്രാഥമിക പരിശോധന റിപ്പോർട്ട് വൈകാതെ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതാ പഠനത്തിന് പൊതുമരാമത്ത് തത്വത്തിൽ അനുമതി നൽകിയാലെ വിശദ പഠനത്തിലേക്ക് കടക്കാനാകു.
കൊട്ടിയം, മയ്യനാട്, വാളത്തുംഗൽ, തട്ടാമല എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്നുചേരുന്ന കൂട്ടിക്കടയുടെ ഹൃദയഭാഗത്താണ് റെയിൽവേ ലെവൽക്രോസ് സ്ഥിതി ചെയ്യുന്നത്. റെയിൽവേ ക്രോസിന് മുമ്പുള്ള മയ്യനാട്, തട്ടാമല എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളുടെ വളവുകളാണ് കൂട്ടിക്കടയ്ക്ക് ശാപമായ ഗതാഗതക്കുരുക്കിന് കാരണം.
ഇതിന് പരിഹാരം കാണാൻ റോഡിലെ വളവുകൾ ഒഴിവാക്കി ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ നിർദ്ദേശം കേരളകൗമുദിയാണ് പൊതുജന ശ്രദ്ധയിലെത്തിച്ചത്. കൂട്ടിക്കടയിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ സഹിതം കേരളകൗമുദി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഇന്നലെ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.