ശൂരനാട്: കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വിശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ എറ്റുവാങ്ങി. ഹവിൽദാർ അനീഷിന്റെ നേതൃത്വത്തിലാണ് മൃതദേഹം എത്തിച്ചത്. സൈനിക ക്ഷേമ വകുപ്പിനു വേണ്ടി തിരുവനന്തപുരം ജില്ലാ സെനിക ക്ഷേമ ഓഫീസർ റീത്ത് സമർപിച്ചു. പോരുവഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അക്കരയിൽ ഹുസൈൻ, വാർഡ് മെമ്പർ ഇ.വി. വിനോദ് കുമാർ, ജയ കേരളാ ഗ്രന്ഥശാലാ സെക്രട്ടറി ശശിധരൻ പിള്ള എന്നിവർ ചേർന്നാണ് മൃതദേഹം എറ്റുവാങ്ങിയത്. പാങ്ങോട് മിലിട്ടറി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ നാട്ടിലെത്തിക്കും. ജവാൻ പഠിച്ചിരുന്ന കമ്പലടി ഗവ. എൽ. പി.എസിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം പന്ത്രണ്ട് മണിയോടെ സ്വവസതിയിൽ സംസ്കരിക്കും.