koottikkada
കൂട്ടിക്കട ജംഗ്ഷൻ

 ഉറപ്പുനൽകി എം.പിയും എം.എൽ.എയും

കൊല്ലം: കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിന് പരിഹാരം കാണാൻ ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് ജനപ്രതിനിധികളുടെയും പിന്തുണ. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേയെ സമീപിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും എം. നൗഷാദ് എം.എൽ.എയും ഉറപ്പ് നൽകി.

നേരെ എതിർദിശയിൽ വരുന്ന മയ്യനാട്, തട്ടാമല റോഡുകൾ കൂട്ടിക്കട ജംഗ്ഷനിലെത്തി വളഞ്ഞാണ് ലെവൽക്രോസിലേക്ക് കടക്കുന്നത്. ഈ വളവ് കാരണം വാഹനങ്ങൾക്ക് വേഗത്തിൽ ലെവൽക്രോസ് കടക്കാനാകില്ല. ഇതാണ് കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിന്റെ കാരണം.

പ്രശ്നം പരിഹരിക്കാൻ തട്ടാമല, മയ്യനാട് റോഡുകൾ നേരെ എതിർദിശയിലാക്കി നടുവിൽ ലെവൽക്രോസ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊതുമരാമത്ത് അധികൃതർ കഴിഞ്ഞ ദിവസം കൂട്ടിക്കടയിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ലെവൽക്രോസ് മാറ്റി സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകുന്നതിനൊപ്പം മയ്യനാട് റോഡ് 150 മീറ്ററോളം നീട്ടി നിർമ്മിച്ചാലെ കൂട്ടിക്കടക്കാരുടെ സ്വപ്നം സഫലമാകു.

 '' കൂട്ടിക്കടയിലെ ഗതാഗത പ്രശ്നത്തിന് റെയിൽവേയുമായി ചർച്ച നടത്തി പരിഹാരം കാണും. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വികസനവും ചർച്ച ചെയ്യാൻ അധികൃതരുമായി ഉടൻ ചർച്ച നടത്തും. ഈ ചർച്ചയിൽ കൂട്ടിക്കടയിലെ പ്രശ്നവും ഉന്നയിക്കും.''

എൻ.കെ. പ്രേമചന്ദ്രൻ എം.പി

 " കൂട്ടിക്കടയിലെ ലെവൽക്രോസ് കുറഞ്ഞത് 20 മീറ്ററെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്കും സംസ്ഥാന സർക്കാരിനും നിവേദനം നൽകും. ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകാൻ പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെടും. ലെവൽക്രോസ് മാറ്റി സ്ഥാപിച്ചാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകുമോയെന്ന ശാസ്ത്രീയ പഠനവും അനിവാര്യമാണ്. മയ്യനാട്, ഇരവിപുരം മേല്പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ കൂട്ടിക്കടയിലെ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ കുറയുമെന്നാണ് പ്രതീക്ഷ."

എം. നൗഷാദ് എം.എൽ.എ

 '' കൂട്ടിക്കട ജംഗ്ഷനിലെ നിലവിലെ അവസ്ഥയ്ക്ക് പരിഹാരം അനിവാര്യമാണ്. പ്രശ്ന പരിഹാരത്തിനായി ഒഴിവാക്കപ്പെടുന്ന കച്ചവടക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം."

ജെ. സതീഷ് കുമാർ

(വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിക്കട യൂണിറ്റ് പ്രസിഡന്റ്)