kollam-corp
നഗരസഭ സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതിയുടെ ആലോചനായോഗം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യുന്നു. മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, കോർപ്പറേഷൻ സെക്രട്ടറി കെ. ഹരികുമാർ, കൗൺസിലർമാരായ എം.എ. സത്താർ, രാജേന്ദ്രൻ, ഫാ. വിൻസന്റ് മച്ചാഡോ തുടങ്ങിയവർ സമീപം

കൊല്ലം: ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ നിൽക്കുമ്പോഴും രോഗാതുരത വർദ്ധിക്കുന്നതിന്റെ കാരണം പരിശോധിക്കണമെന്ന് കളക്ടർ ബി. അബ്ദുൾ നാസർ പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതിയുടെ ആലോചനായോഗം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലിനീകരണം രോഗാതുരത വർദ്ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ്. വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്നവർ പോലും മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയാണ്. ഈ മനോഭാവം മാറണം. നഗരസഭയുടെ സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

മാലിന്യം വലിച്ചെറിയുന്നതിന് പകരം സ്വന്തമായി സംസ്കരിക്കുന്ന പഴയ സംസ്കാരം വീണ്ടെടുക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ഫാദർ വിൻസെന്റ് മച്ചാഡോ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, വി.എസ്. പ്രിയദർശൻ, ചിന്ത എൽ. സജിത്ത്, കൗൺസിലർ രാജ്മോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഐസക്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുധാകരൻ, ഐ.ആർ.ടി.സി സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീശങ്കർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രൻ സ്വാഗതവും ഹെൽത്ത് ഓഫീസർ ദർശന നന്ദിയും പറഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു വിതരണം ചെയ്തു.