കൊല്ലം: ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ സെപ്‌തംബറിൽ പ്രവർത്തനം ആരംഭിച്ച കീമോ തെറാപ്പി യൂണിറ്റിൽ ഒരു വർഷം പിന്നിടുമ്പോൾ ചികിത്സ തേടിയെത്തിയത് പതിനായിരത്തോളം രോഗികൾ. മുൻകാലങ്ങളിൽ തിരുവനന്തപുരം ആർ.സി.സിയും മെഡിക്കൽ കോളേജുമായിരുന്നു ഇവരുടെ ആശ്രയം. ചികിത്സയ്ക്കായി ഇത്രയേറെ ദൂരം യാത്രചെയ്യേണ്ടി വന്നിരുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേതുടർന്നാണ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് അർബുദ രോഗികൾക്കായി ജില്ലാ ആശുപത്രിയിൽ ചികിത്സാ സൗകര്യമൊരുക്കിയത്.
ഒരു ദിവസം 40 മുതൽ 50 വരെ രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന ഒ.പി മിക്കദിവസങ്ങളിലും അവസാനിക്കുന്നത് വൈകിട്ട് മൂന്ന് മണിയോടെയാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും രോഗികൾ എത്തുന്നുണ്ട്. ചികിത്സയ്ക്കെത്തുന്നവരിൽ ഭൂരിഭാഗവും മദ്ധ്യവയസ്കരാണ്.
കീമോ തെറാപ്പിക്കായി പത്ത് ബെഡുകൾ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കീമോ തെറാപ്പി ഒ.പി - ഐ.പി സേവനം, കാൻസർ നിർണയ പരിശോധന, കാൻസർ പഠന ഗവേഷണ സൗകര്യം, ന്യൂട്രോപീനിയ ഒ.പി - ഐ.പി, പാലിയേറ്റീവ് സേവനം, കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് യൂണിറ്റിലുള്ളത്.
റേഡിയേഷൻ ചികിത്സ രണ്ട് വർഷത്തിനുള്ളിൽ
രണ്ട് വർഷത്തിനുള്ളിൽ റേഡിയേഷൻ ചികിത്സയ്ക്കുള്ള സൗകര്യവും ജില്ലാ ആശുപത്രിയിൽ സജ്ജമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. അതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായിട്ടുണ്ട്. മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.
ഡോ. സുമിത്ര, ഓങ്കോളജിസ്റ്റ്, ജില്ലാ ആശുപത്രി
ഒ.പി സമയം രാവിലെ 9 മണി മുതൽ
ദിവസേന എത്തുന്നത് 40 മുതൽ 50 വരെ രോഗികൾ
സൗകര്യങ്ങൾ
കിമോതെറാപ്പി ഒ.പി, ഐ.പി സേവനം
കാൻസർ നിർണയ പരിശോധന
കാൻസർ പഠന ഗവേഷണ സൗകര്യം
ന്യൂട്രോപീനിയ ഒ.പി, ഐ.പി
പാലിയേറ്റീവ് കെയർ
കാൻസർ പ്രതിരോധ ബോധവത്കരണം