പുനലൂർ: നഗരസഭാ അതിർത്തിയിലെ പരിഷ്ക്കരിച്ച കെട്ടിട നികുതി പിരിവുകളിൽ അപാകതകളുണ്ടായാൽ പരിഹരിച്ചു നൽകുമെന്നും താമസക്കാർക്ക് ദോഷം വരാത്ത തരത്തിലാണ് നികുതി പിരിവ് നടത്തുന്നതെന്നും നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നികുതി പിരിവിൽ ആക്ഷേപമുള്ളവർ അപേക്ഷ നൽകിയാൽ അത് പരിശോധിച്ച് പരിഹരിക്കും. 660 ചതുരശ്രയടി വിസ്തീർണത്തിൽ കുറവുള്ള വീടുകളെ നികുതി പിരിവിൽ നിന്ന് പൂർണമായും ഒഴിവാക്കും. ഇതിനായി കെട്ടിട ഉടമ നഗരസഭാ കൗൺസിലിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ നികുതിയിൽ നിന്ന് ഒഴുവാകൂ. 2000 ചതുരശ്രയടിവരെ വിസ്തീർണമുള്ള വീടുകൾക്ക് നികുതി വർദ്ധനവില്ല. ശേഷിക്കുന്ന കെട്ടിടങ്ങൾക്ക് നാമമാത്രയായ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. വസ്തുത ഇതായിരിക്കേ നഗരസഭയിലെ കെട്ടിട നികുതി പിരിവിൽ വ്യാപക പിഴുകൾ ഉണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിനകത്തും പുറത്തും സമരം നടത്തി ജനങ്ങളെ റ്റിദ്ധരിപ്പിക്കുകയാണ്. നഗരസഭാ പരിധിയിലെ എല്ലാ വീടുകൾക്കും നികുതി പരിഷ്ക്കരണം സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇത് കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകിയിട്ടുണ്ടെന്ന അറിയിപ്പ് കൂടിയാണെന്നും ചെയർമാൻ പറഞ്ഞു. 2011ൽ ഉമ്മൻചാണ്ടി സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള പുതുക്കിയ കെട്ടിട നികുതിയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതിനായി കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകുന്ന ജോലി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭാ ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, അംജത്ത് ബിനു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ നഗരസഭയിലെ കെട്ടിട നികുതി പരിഷ്ക്കരണത്തിലെ പിഴവുകൾ പരിഹരിക്കാൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യൻ, ജി. ജയപ്രകാശ്, കെ. സുകുമാരൻ തുടങ്ങിയവർ അറിയിച്ചു.