കൊല്ലം: വിവാഹത്തെയും വിവാഹ മോചനത്തെയും ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന നിയമം ശരീഅത്തിനെ അസ്ഥിരപ്പെടുത്തി ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഹീന തന്ത്രമാണെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ആറര പതിറ്റാണ്ടുകാലം ഭരണഘടനയുടെ പരിരക്ഷ ലഭിച്ച കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി കേന്ദ്രഗവൺമെന്റിന്റെ കൈവശ ഭൂമിയാക്കാനുള്ള നടപടി രാജ്യത്ത് വർഗ്ഗീയ കലാപമുണ്ടാക്കി മുസ്ലീംങ്ങളെ വംശനാശം വരുത്താനുള്ള ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുന്നതിനും ഇതിന് മുന്നോടിയായി ആഗസ്റ്റ് അവസാന വാരത്തിൽ രാജ്ഭവൻ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ജോനകപ്പുറം ജംഇയ്യത്ത് സിൽവർ ജൂബിലി ഹാളിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നയവിശദീകരണം നടത്തി. ഷാനവാസ്ഖാൻ, എം.എ. സമദ്, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കുളത്തൂപുഴ സലീം, പുനലൂർ അബ്ദുൽ റഷീദ്, മേക്കോൺ അബ്ദുൽ അസീസ്, കണ്ണനല്ലൂർ നിസാമുദ്ദീൻ, സുൽഫീക്കർ സലാം, കായംകുളം കെ. ജലാലുദ്ദീൻ മൗലവി, തലച്ചിറ ഷാജഹാൻ മൗലവി, നൗഷാദ്, എം. നാസിമുദ്ദീൻ മന്നാനി, പനവൂർ അബ്ദുൽ സലാം, സാദിഖ് മൗലവി കൊട്ടിയം, നാസർ കുഴിവേലി, പുല്ലമ്പാറ താജുദ്ദീൻ, വർക്കല മൻസൂർ മൗലവി, വി.എം. താജുദ്ദീൻ വർക്കല, പാവല്ല നജീബ് റഷാദി തുടങ്ങിയവർ പ്രസംഗിച്ചു.