accident2
കൊട്ടാരക്കര മൈലത്ത് വെള്ളിയാഴ്ച സൂപ്പ‌ർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം(ഫയൽ ചിത്രം)​

കൊട്ടാരക്കര: എം.സി റോഡിൽ ഏറ്റവും അധികം അപകട സാദ്ധ്യതയുള്ള മേഖലയായി കൊട്ടാരക്കര മൈലം മാറിയത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഒന്നിനുപുറകെ ഒന്നായി അപകടങ്ങളുണ്ടാകുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ യുവാവാണ്. 21 പേർക്ക് പരിക്കേറ്റു. ഒരു വർഷത്തിനുള്ളിൽ മൈലം ജംഗ്ഷനിലും പരിസരത്തുമായി നടന്നത് ഇരുപതിലധികം വലിയ അപകടങ്ങളാണ്. നിരവധി ജീവനുകളും ഇവിടെ നഷ്ടപ്പെട്ടു. പരിക്കേറ്റവരിൽ ഇപ്പോഴും ആശുപത്രി വിടാത്തവരുമുണ്ട്.

മൈലം ജംഗ്ഷനും ഇഞ്ചക്കാടിനും ഇടയിലായിരുന്നു അവസാനത്തെ അപകടം. ആഴ്ചയിൽ രണ്ട് അപകടങ്ങൾ എന്ന നിലയിലേക്ക് മൈലം മാറിയിട്ട് നാളേറെയായി. ചെറിയ അപകടങ്ങളാണ് അധികവും. ഇതുകൊണ്ടുതന്നെ ഇവയ്ക്ക് വലിയ വാർത്താ പ്രാധാന്യം ലഭിക്കാറില്ല.

അപകടങ്ങൾ ഏറിവരുന്നതിന്റെ കാരണങ്ങൾ ബോദ്ധ്യപ്പെടാനും പരിഹാരം കാണാനും അധികൃതർ ഇനിയും താത്പര്യമെടുത്തിട്ടില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.

മുമ്പ് കുളക്കടയിലായിരുന്നു കൂടുതൽ അപകടങ്ങൾ ഉണ്ടായിരുന്നത്. വേണ്ട പരിഷ്കാരങ്ങൾ നടപ്പാക്കുകയും നാട്ടുകാർ ഉൾപ്പടെ ജാഗ്രത കാണിക്കുകയും ചെയ്തതോടെ കുളക്കടയിലെ അപകടങ്ങളുടെ തോത് കുറഞ്ഞു. ഇതാണ് മൈലത്തിനും വേണ്ടത്.

അപകട കാരണം ജാഗ്രതക്കുറവ്

അമിത വേഗതയാണ് പലപ്പോഴും മൈലത്തെ അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനോടൊപ്പം ജംഗ്ഷനിലെ കൊടുംവളവും മറ്റൊരു കാരണമാണ്.

അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിച്ച് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറാറുണ്ട്. പട്ടാഴി ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സംഭവങ്ങളും പതിവാണ് പള്ളിക്കൽ നിന്നുമെത്തുന്ന വാഹനങ്ങൾ റോഡിലേക്ക് കടക്കുന്നത് കൊട്ടാരക്കരയിൽ നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാനാകില്ല. കാഴ്ച മറയുന്ന വിധം ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കാൽനടയാത്രികാർ റോഡ് മുറിച്ച് കടക്കുമ്പോഴും അടുത്തെത്തിയ ശേഷം മാത്രമേ ഡ്രൈവർമാർക്ക് കാണാനാകൂ. ഇതാണ് ഇവിടുത്തെ അപകടങ്ങൾ വർദ്ധിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ വെളിച്ചത്തിന്റെ കുറവും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

1 വർഷത്തിനുള്ളിൽ 20 വലിയ അപകടങ്ങൾ

ശരാശരി ഒരാഴ്ചയിൽ 2 അപകടങ്ങൾ

അവസാന അപകടം: 1മരണം, 21 പേർക്ക് പരിക്ക്

അമിതവേഗതയും വളവും അപകട കാരണം

നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ