ഇരവിപുരം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലൂർവിള പള്ളിമുക്കിലുള്ള സ്ഥലമെടുപ്പ് വിഭാഗം തഹസീൽദാരുടെ ഓഫീസിൽ ഇന്നലെ നടന്ന ഹിയറിംഗിൽ പരാതിക്കാരുടെ വൻ തിരക്ക്. സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുമീ തൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരാതികൾ കേട്ടത്.
237 പരാതികളാണ് ഇന്നലെ വാദം കേൾക്കുന്നതിനായി വച്ചിരുന്നത്. ഇതിൽ 203 പേർ ഹാജരായിരുന്നു. പതിനഞ്ച് മീറ്ററിന് പകരം പറക്കുളത്തിനടുത്ത് പതിനേഴ് മീറ്റർ എടുത്തതിനെതിരെയും അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കണമെന്ന ആവശ്യവും പരാതിക്കാർ ഉന്നയിച്ചു. വാഴപ്പള്ളി മുതൽ ഉമയനല്ലൂർ വരെയുള്ള ഭാഗത്തെ അലൈൻമെന്റിൽ അപാകതയുണ്ടെന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ അട്ടിമറിക്കപ്പെടരുതെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ശേഷം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം വേണമെന്നും കുടിയൊഴിപ്പിക്കുന്ന കച്ചവടക്കാർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന വാദവും ചിലർ ഉന്നയിച്ചു.
സ്ഥലമേറ്റെടുക്കുന്നതിനായി പുതിയ കൺസൾട്ടൻസിയെ നിയമിച്ച് അപാകതകളില്ലാത്ത അലൈൻമെന്റ് തയ്യാറാക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗവും ഉന്നയിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് പരിഹരിക്കുന്നതിനായി നാഷണൽ പ്രോജക്ട് ഡയറക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുള്ളതായും സൂചനയുണ്ട്.
സ്ഥലമെടുപ്പ് വിഭാഗം തഹസീൽദാരുടെ കാവനാട് ഓഫീസിൽ ഈ മാസം 12ന് നടത്താനിരുന്ന ഹിയറിംഗ് ഈ മാസം 24ലേക്ക് മാറ്റിയതായി സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുമീതൻ പിള്ള അറിയിച്ചു. 13ന് കരുനാഗപ്പള്ളിയിലെ ഹിയറിംഗ് മാറ്റമില്ലാതെ നടക്കും.