photo
കാറ്റിൽ പൂർണമായും നിലം പൊത്തിയ കോഴിക്കോട് കയർ സഹകരണ സംഘത്തിലെ വർക്ക് ഷെഡ്.

4 വീടുകൾ ഭാഗികമായി തകർന്നു

കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ശക്തമായി വീശിയടിച്ച കാറ്റിൽ മരം ഒടിഞ്ഞ് വീണ് 4 വീടുകൾ ഭാഗികമായി തകർന്നു. തൊടിയൂർ പുത്തൻതറ ബിജു, തൊടിയൂർ വേങ്ങറ നിധിൻ ഭവനത്തിൽ രാധാകൃഷ്ണൻ, കല്ലേലിഭാഗം മഹാദേവർ കോളനിയിൽ ഹുസൈൺ, ഓച്ചിറ ചങ്ങൻകുളങ്ങര കിരൺ എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകർന്നത്. മൊത്തം 1.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ കയർ പിരിക്കുന്ന വർക്ക് ഷെഡ് ഇന്നലത്തെ ശക്തമായ കാറ്റിൽ പൂർണമായും നിലം പതിച്ചു. ഉദ്ദേശം ഒരു ലക്ഷം രൂപായുടെ നഷ്ടം സംഭവിച്ചതായി സംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അറിയിച്ചു. പള്ളിക്കലാറും ടി.എസ് കനാലും മൂന്ന് തഴത്തോടുകളും കര കവിഞ്ഞ് ഒഴുകുകയാണ്. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലായി. ഓണത്തിന് വിളവെടുപ്പിനായി വളർത്തിയ നൂറുകണക്കിന് വാഴകൾ കാറ്റിൽ നശിച്ചു. ഇടവിള കൃഷികൾക്കും വ്യാപകമായ നാശം സംഭവിച്ചു. ചിത്തിര വിലാസം ജംഗ്ഷൻ, കരുനാഗപ്പള്ളി ലാലാജി, വവ്വാക്കാവിന് കിഴക്ക് വശം എന്നിവിടങ്ങളിൽ റോഡിലേക്ക് പിഴുതു വീണ മരങ്ങൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

കടലാക്രമണം രൂക്ഷം

ആലപ്പാട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ കടലാക്രമണം ഉണ്ടായി. കടലിൽ നിന്ന് ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതിനാൽ നിരവധി വീടുകളിൽ വെള്ളം കയറി. കടൽ ഭിത്തി തകർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. വെള്ളക്കെടുതി വ്യാപകമായതോടെ ജീവൻ രക്ഷാ ഉദ്യോഗസ്ഥർ സജ്ജരായി നിൽക്കുകയാണ്.

 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം

മഴ ശക്തമായതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.