പത്തനാപുരം: കിഴക്കൻ മേഖലയിൽ ശക്തമായി പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ആവണീശ്വരം ചുടുകട്ടച്ചൂളയ്ക്ക് സമീപം ഇരുപത് വീടുകളിൽ വെള്ളംകയറി. തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. ഇഷ്ടികക്കളം നിറഞ്ഞതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. മനീഷാ മൻസിലിൽ ഇക്ബാൽ, ഇടത്തറ താഴേതിൽ ഹരീന്ദ്രൻ, നിഷാദ് മൻസിലിൽ അബ്ദുൾ റഹീം, പുത്തൻ വീട്ടിൽ ഉമൈദ് കുഞ്ഞ്, ഇടത്തറ പടിഞ്ഞാറ്റേതിൽ വിലാസിനി, ഇടത്തറ പടിഞ്ഞാറ്റേതിൽ സുബൈദാ ബീവി, മൂമിനാ മൻസിലിൽ കോയക്കുട്ടി, ഇടത്തറ പടിഞ്ഞാറ്റേതിൽ നൗഷാദ്, പാനാർവിളയിൽ മറിയാമ്മ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കല്ലുപുറത്ത് വീട്ടിൽ ഷാജിയുടെ വീടീന്റെ മതിൽ ഇടിഞ്ഞു വീണു. പട്ടാഴി കന്നിമേൽ പ്രിൻസിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ജലനിരപ്പ് വീണ്ടും ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ഇരുപത് കുടുംബങ്ങളിൽ നിന്നായി കുട്ടികളടക്കം അൻപതോളം പേരാണ് ബന്ധുവീടുകളിൽ അഭയം തേടിയത്. കനത്ത മഴയിൽ
വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിൽ വീണതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇരുപതോളം കർഷകരുടെ വിളകൾക്കും നാശം സംഭവിച്ചു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നവരാണ് ഏറെയും ദുരിതത്തിലായത്. ഇതിനിടെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്ന സന്ദേശം പരന്നത് പ്രദേശവാസികളിൽ ഭീതി പരത്തി.
പാലം മുങ്ങി
ശക്തമായ മഴവെള്ളപ്പാച്ചിലിൽ തോടിന് കുറുകെയുള്ള പനമ്പറ്റ ഷാപ്പ്മുക്ക് മഞ്ഞക്കാല പാതയിലെ പാലം മുങ്ങി. ഇതോടെ ഇരുകരകളിലെയും പ്രദേശ വാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അപകട മേഖലകളിൽ റവന്യൂ സംഘം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. രാത്രി വൈകിയും മലയോര മേഖലയിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.